scorecardresearch
Latest News

നരേന്ദ്ര മോദിക്ക് ഇന്ന് പിറന്നാള്‍; രാജ്യവ്യാപകമായി ആഘോഷിക്കാനൊരുങ്ങി ബിജെപി

ഇന്ന് മുതല്‍ ഒക്ടോബർ 2 വരെ നീളുന്ന ആഘോഷ പരിപാടികളാണ് ബിജെപി വിവിധ സംസ്ഥാനങ്ങളിൽ സംഘടിപ്പിക്കുക

Narendra Modi, Aganipath
ഫയൽ ചിത്രം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് പിറന്നാൾ. എഴുപത്തിരണ്ടാം ജന്മദിനത്തിൽ മധ്യപ്രദേശിൽ നടക്കുന്ന വിവിധ പരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കും. അതേസമയം, പ്രധാനമന്ത്രിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി സേവാ ദിവസമായി ആചരിക്കാനാണ് ബിജെപിയുടെ തീരുമാനം. ഇന്ന് മുതല്‍ ഒക്ടോബർ 2 വരെ നീളുന്ന ആഘോഷ പരിപാടികളാണ് ബിജെപി വിവിധ സംസ്ഥാനങ്ങളിൽ സംഘടിപ്പിക്കുക.

സൗജന്യ ആരോഗ്യ പരിശോധന, രക്തദാന ക്യാമ്പുകൾ, മരം നടുക, കൃത്രിമ കൈകാലുകൾ, മറ്റ് മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുക തുടങ്ങിയവ സേവാ ദിവസിന്റെ ഭാഗമായി നടക്കും. 2025ഓടെ ഇന്ത്യയെ ടിബി വിമുക്തമാക്കാനുള്ള പദ്ധതി പ്രകാരം ക്ഷയരോഗികൾക്ക് ബിജെപി പ്രവർത്തകർ സഹായം നൽകും.

ഈ സേവന പ്രവർത്തനങ്ങളിലൂടെ പ്രധാനമന്ത്രിക്ക് ദീർഘായുസ്സും ആരോഗ്യവുമുണ്ടാകട്ടെയെന്നും രാജ്യത്തെ നയിക്കാനും പാവപ്പെട്ടവരെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ അദ്ദേഹത്തിന് കഴിയട്ടെയെന്നും ബിജെപി ജനറൽ സെക്രട്ടറി അരുൺ സിങ് പറഞ്ഞു.

തമിഴ്നാട്ടിലും പ്രധാനമന്ത്രിയുടെ ജന്മദിനം വലിയ രീതിയിൽ ആഘോഷിക്കാനാണ് ബിജെപി തീരുമാനം. റോയപുരത്തെ ആർഎസ്ആർഎം ആശുപത്രിയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ബേബി കിറ്റുകളോടൊപ്പം സ്വർണമോതിരം കേന്ദ്ര ഫിഷറീസ് സഹമന്ത്രി എൽ.മുരുകൻ നൽകും. 5000 രൂപ വീല വരുന്ന രണ്ടു ഗ്രാമിന്റെ സ്വർണ മോതിരമാണ് നൽകുക.

പ്രധാനമന്ത്രിയായിരിക്കെ നരേന്ദ്ര മോദിക്ക് ലഭിച്ച സമ്മാനങ്ങളുടെ ലേലവും ഇന്ന് ഓൺലൈനായി തുടങ്ങും. പ്രധാനമന്ത്രിക്ക് ലഭിച്ചിട്ടുള്ള 1,200 ഉപഹാരങ്ങളുടെയും മെമന്റോകളുടെയും ലേലമാണ് നടക്കുക. അതിമനോഹരമായ പെയിന്റിങ്ങുകൾ, ശിൽപങ്ങൾ, കരകൗശല വസ്തുക്കൾ തുടങ്ങി ആകര്‍ഷകമായ നിരവധി സമ്മാനങ്ങൾ ഇക്കൂട്ടത്തിലുണ്ട്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Pms birthday service fortnight among bjps major initiatives