‘മോദിക്കാണ് ഞാന്‍ കൊല്ലപ്പെട്ട് കാണേണ്ടത്’; അരവിന്ദ് കേജ്രിവാള്‍

ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ടത് പോലെ താനും വധിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേജ്രിവാള്‍ പറഞ്ഞിരുന്നു

Aravind Kejriwal, അരവിന്ദ് കേജ്രിവാള്‍ Narendra Modi, നരേന്ദ്രമോദി, killing, കൊലപാതകം, delhi ഡല്‍ഹി, ie malayalam ഐഇ മലയാളം

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ടത് പോലെ താനും വധിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ആരോപണവുമായി വീണ്ടും രംഗത്ത്. താന്‍ മരിച്ച് കാണേണ്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണെന്ന് അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന ബിജെപി നേതാവായ വിജയ് ഗോയലുമായി ട്വിറ്ററില്‍ നടത്തിയ സംവാദത്തിനിടയിലാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. ‘വിജയ് ജി, എന്റെ സുരക്ഷാ ഉദ്യോഗസ്ഥനല്ല, മോദിക്കാണ് ഞാന്‍ കൊല്ലപ്പെടേണ്ടത്,’ എന്നാണ് കേജ്രിവാള്‍ ട്വീറ്റ് ചെയ്തത്.
ബിജെപി തന്റെ ജീവനെടുക്കാന്‍ പിന്നാലെയുണ്ടെന്ന് കേജ്രിവാള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തന്റെ സുരക്ഷാ ഉദ്യോഗസ്ഥനാകും തന്നെ കൊലപ്പെടുത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ടത് പോലെ എന്റെ സുരക്ഷാ ഉദ്യോഗസ്ഥന്റെ കൈ കൊണ്ട് ഞാനും ഒരിക്കല്‍ വധിക്കപ്പെടും. ബിജെപി എന്റെ ജീവനെടുക്കാന്‍ പിന്നാലെയുണ്ട്. അവര്‍ എന്നെ ഒരിക്കല്‍ വധിക്കും,’ കേജ്രിവാള്‍ പറഞ്ഞു. പഞ്ചാബില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. തന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ബിജെപിക്ക് വേണ്ടിയാണ് വോട്ട് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

Read more: എന്തിനാണ് ഞാന്‍ അടിച്ചതെന്ന് എനിക്ക് അറിയില്ല, ചെയ്തതില്‍ ഖേദമുണ്ട്: കേജ്‌രിവാളിനെ തല്ലിയ യുവാവ്

ജൂലൈ 2016ലും കേജ്രിവാള്‍ സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. അമിത് ഷായും മോദിയും തന്നെ വധിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് അന്ന് വീഡിയോ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. ഈ മാസം ആദ്യം കേജ്രിവാളിനെതിരെ അക്രമം നടന്നിരുന്നു.

തിരഞ്ഞെടുപ്പ് റോഡ് ഷോയ്ക്കിടെയായിരുന്നു കേജ്‌രിവാളിന് നേരെ ആക്രമണം ഉണ്ടായത്. സ്പെയര്‍ പാര്‍ട്സ് കട നടത്തുന്ന സുരേഷ് എന്നയാളാണ് കേജ്‌രിവാളിനെ ആക്രമിച്ചത്. തുറന്ന ജീപ്പില്‍ സഞ്ചരിക്കുകയായിരുന്ന കേജ്‌രിവാളിന്റെ മുഖത്തടിക്കുകയായിരുന്നു ഇയാള്‍. സംഭവത്തിന് പിന്നില്‍ ബിജെപിയാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചിരുന്നെങ്കില്‍ യുവാവ് ആം ആദ്മിക്കാരനാണെന്നായിരുന്നു ബിജെപിയുടെ വാദം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സംസാരിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് തനിക്കു കിട്ടിയ അടിയെന്ന് കേജ്‌രിവാള്‍ പറഞ്ഞു. ആംആദ്മി പാര്‍ട്ടിയെ നശിപ്പിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നും പ്രധാനമന്ത്രി രാജിവച്ചേ മതിയാകൂവെന്നും കേജ്‌രിവാള്‍ വ്യക്തമാക്കി.

‘ഒരു മുഖ്യമന്ത്രി ആക്രമിക്കപ്പെട്ട ശേഷം കേന്ദ്രസര്‍ക്കാര്‍ പറയുന്നത് പരാതി ലഭിച്ചിട്ടില്ലെന്നാണ്. പരാതി ലഭിക്കാതെ തുടര്‍നടപടികളുമായി പോകാന്‍ പറ്റില്ലെന്നാണ്. കേജ്‌രിവാളിനെതിരായ ആക്രമണമല്ലിത്. ഡല്‍ഹിയുടെ അധികാരത്തിന്‍ മേലുള്ള ആക്രമണമാണിത്. ജനങ്ങള്‍ ഇതിനു മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ പിന്തുണ അറിയിച്ചെന്നും കേജ്‌രിവാള്‍ വ്യക്തമാക്കി.

‘കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ എനിക്കു നേരെയുണ്ടാകുന്ന ഒമ്പതാമത്തെ ആക്രമണമാണിത്. മുഖ്യമന്ത്രിയായ ശേഷമുണ്ടാകുന്ന അഞ്ചാമത്തെ ആക്രമണവും. സ്വന്തം സുരക്ഷ പ്രതിപക്ഷ പാര്‍ട്ടിയുടെ കൈകളിലുള്ള രാജ്യത്തെ ഒരേയൊരു മുഖ്യമന്ത്രിയാണ് ഞാന്‍.’- അദ്ദേഹം പറഞ്ഞു.

അന്ന് സംഭവിച്ചതില്‍ തനിക്ക് അതിയായ ദുഃഖമുണ്ടെന്ന് സുരേഷ് എന്ന യുവാവ് പിന്നീട് പറഞ്ഞിരുന്നു. ‘അന്ന് എന്തിനാണെന്നോ എങ്ങനെയാണെന്നോ അത് സംഭവിച്ചതെന്ന് എനിക്ക് അറിയില്ല. ജയിലില്‍ പോയതിന് ശേഷമാണ് ഞാന്‍ ചെയ്ത കാര്യത്തില്‍ എനിക്ക് പശ്ചാത്താപം തോന്നിയത്,’ സുരേഷിനെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ആം ആദ്മി പാര്‍ട്ടി നേതാക്കളുടെ പ്രവൃത്തികളില്‍ നിരാശ തോന്നിയാണ് കേജ്‌രിവാളിനെ തല്ലിയതെന്ന് യുവാവ് പറഞ്ഞതായി പൊലീസ് വ്യക്തമാക്കിയിരുന്നു.

‘ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും എനിക്ക് ബന്ധമില്ല. അങ്ങനെ ചെയ്യാന്‍ എന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ല. പൊലീസ് എന്നോട് മോശമായി പെരുമാറിയിട്ടും ഇല്ല. ഞാന്‍ ചെയ്തത് തെറ്റാണെന്നാണ് അവര്‍ എന്നോട് പറഞ്ഞത്,’ സുരേഷ് പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Pm wants me dead arvind kejriwal alleges again

Next Story
കുഴല്‍ കിണറില്‍ വീണ നാലു വയസുകാരി പിന്നെയും ആഴത്തിലേക്ക് പതിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നുborewell in rajastan രാജസ്ഥാനില്‍ കുഴല്‍ കിണര്‍ അപകടം, 4 year old fell, നാല് വയസുകാരി വീണു, rescue mission, രക്ഷാ പ്രവര്‍ത്തനം, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com