scorecardresearch
Latest News

സാമ്പത്തിക മാന്ദ്യത്തിൽ മോദി മൗനം പാലിച്ചു, വീമ്പിളക്കാൻ മന്ത്രിമാർക്ക് വിട്ടുകൊടുത്തു: ചിദംബരം

സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനാവുമെന്നും എന്നാൽ ഈ സർക്കാരിന് അത് ചെയ്യാൻ കഴിയില്ലെന്നും ചിദംബരം പറഞ്ഞു

Chidambaram, ie malayalam

ന്യൂഡൽഹി: രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിൽ നരേന്ദ്ര മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് പി.ചിദംബരം.  ഐഎൻഎക്സ് മീഡിയ കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയശേഷം നടത്തിയ ആദ്യ വാർത്താസമ്മേളനത്തിൽ ചിദംബരത്തിന്റെ രൂക്ഷ വിമർശനം.

സാമ്പത്തിക വര്‍ഷം ഏഴുമാസം പിന്നിട്ടിട്ടും സമ്പദ്‌വ്യവസ്ഥ നേരിടുന്ന പ്രശ്‌നങ്ങള്‍ ചാക്രികമാണെന്ന് ബിജെപി സര്‍ക്കാര്‍ വിശ്വസിക്കുന്നു. സര്‍ക്കാര്‍ നിലപാട് തെറ്റാണ്. കാരണം സര്‍ക്കാരിനു മുന്നില്‍ വഴിയൊന്നുമില്ല. കാരണം നോട്ട് നിരോധനം, ജിഎസ്ടി, നികുതി വര്‍ധന തുടങ്ങിയ എടുത്തചാട്ടമുള്ളതും ശാഠ്യമുള്ളതുമായ ദുരന്തപുര്‍ണവുമായ നടപടികളാല്‍ സാമ്പത്തിക മാന്ദ്യത്തില്‍നിന്നു കരകയറാനുള്ള വ്യക്തമായ സൂചനകളിലേക്കെത്താന്‍ സര്‍ക്കാരിനു കഴിയുന്നില്ലെന്നും ചിദംബരം പറഞ്ഞു.

കഴിഞ്ഞ ആറ് പാദങ്ങളിലെ ജിഡിപിയുടെ വളർച്ചാ നിരക്കിനെക്കുറിച്ചും ചിദംബരം പരാമർശിച്ചു. ” പ്രധാനമന്ത്രി സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് അസാധാരണമായ മൗനം പാലിച്ചു. അതിനെക്കുറിച്ച് പൊങ്ങച്ചം പറയാനും വീമ്പിളക്കാനും അദ്ദേഹം തന്റെ മന്ത്രിമാർക്ക് വിട്ടുകൊടുത്തു. ഇപ്പോഴത്തെ മാന്ദ്യത്തെ സർക്കാർ ‘ചാക്രികം’ എന്ന് വിളിക്കുന്നു. അവർ അതിനെ ‘സീസണൽ’ ആണെന്ന് പറയാത്തതിന് ദൈവത്തിന് നന്ദി. ഇത് ‘ഘടനാപരമാണ്’, ഘടനാപരമായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പരിഹാരങ്ങളോ അല്ലെങ്കിൽ പരിഷ്കാരങ്ങളോ സർക്കാരിന്റെ പക്കലില്ല,” ചിദംബരം പറഞ്ഞു.

Read Also: ഐഎൻഎക്സ് മീഡിയ കേസിൽ 105 ദിവസത്തിനുശേഷം ചിദംബരത്തിനു ജാമ്യം

സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനാവുമെന്നും എന്നാൽ ഈ സർക്കാരിന് അത് ചെയ്യാൻ കഴിയില്ലെന്നും ചിദംബരം പറഞ്ഞു. ”സമ്പദ്‌വ്യവസ്ഥയെ മാന്ദ്യത്തിൽ നിന്ന് പുറത്തെത്തിക്കാനും സാമ്പത്തിക വളർച്ചയിലേക്ക് നയിക്കാനും കോൺഗ്രസും മറ്റ് ചില പാർട്ടികളും കൂടുതൽ സജ്ജരാണെന്ന് ഞാൻ വിശ്വസിക്കുന്നു, പക്ഷേ അതിനായി ഞങ്ങൾക്ക് ഇനിയും കാത്തിരിക്കണം.”

”ഈ വര്‍ഷാവസാനം ജിഡിപി അഞ്ചിലെത്തിയാല്‍ നമ്മൾ ഭാഗ്യവാന്മാർ. ഈ സർക്കാരിന്റെ അഞ്ച് ശതമാനം ശരിക്കും അഞ്ച് ശതമാനമല്ല, മറിച്ച് 1.5 ശതമാനം കുറവാണെന്ന ഡോ.അരവിന്ദ് സുബ്രഹ്മണ്യന്റെ വാക്കുകൾ ഓർക്കണം. കാരണം ഈ സര്‍ക്കാരിന്റെ ജിഡിപി കണക്കാക്കുന്ന രീതി സംശയാസ്പദകരമാണ്,” ചിദംബരം പറഞ്ഞു.

ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിനു സുപ്രീം കോടതി ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു. തിഹാര്‍ ജയിലില്‍ കഴിയുകയായിരുന്ന ചിദംബരത്തിനു 105 ദിവസത്തിനുശേഷമാണു ഉപാധികളോടെ ജാമ്യം ലഭിച്ചത്.

ജസ്റ്റിസുമാരായ ആർ.ബാനുമതി, എ.എസ്.ബൊപ്പണ്ണ, ഋഷികേശ് റോയ് എന്നിവരടങ്ങിയ മൂന്നംഗ ബഞ്ചാണ് ചിദംബരത്തിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. രണ്ടു ലക്ഷം രൂപയുടെ ബോണ്ടും അതേ തുകയുടെ ആള്‍ജാമ്യവുമാണു ജാമ്യവ്യവസ്ഥ.

കോടതിയുടെ അനുമതിയില്ലാതെ വിദേശത്തു പോകരുത്, തെളിവുകള്‍ നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, കേസുമായി ബന്ധപ്പെട്ട് മാധ്യങ്ങളുമായി അഭിമുഖങ്ങള്‍ നടത്തരുത്, പരസ്യ പ്രസ്താവനകള്‍ പാടില്ല എന്നീ നിബന്ധനകളും ജാമ്യം അുവദിക്കാന്‍ കോടതി നിര്‍ദേശിച്ചു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Pm unusually silent on economy says p chidambaram