scorecardresearch

പുല്‍വാമ ആക്രമണം: മോദി നിശബ്ദനായിരിക്കാന്‍ ആവശ്യപ്പെട്ടെന്ന് മുന്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍; ചോദ്യങ്ങളുമായി കോണ്‍ഗ്രസ്

ജവാന്മാര്‍ക്ക് യാത്ര ചെയ്യുന്നതിനായി സിആര്‍പിഎഫ് വിമാനം ആവശ്യപ്പെട്ടിരുന്നെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിച്ചില്ലെന്നും മുന്‍ ഗവര്‍ണര്‍ വെളിപ്പെടുത്തുന്നു

ജവാന്മാര്‍ക്ക് യാത്ര ചെയ്യുന്നതിനായി സിആര്‍പിഎഫ് വിമാനം ആവശ്യപ്പെട്ടിരുന്നെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിച്ചില്ലെന്നും മുന്‍ ഗവര്‍ണര്‍ വെളിപ്പെടുത്തുന്നു

author-image
WebDesk
New Update
Pulwama Attack, Modi

പുല്‍വാമ ആക്രമണത്തിന് പിന്നിലെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ തന്നോട് നിശബ്ദനായിരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നതായി ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. 2019 ഫെബ്രുവരി 14-ന് നടന്ന ആക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്.

Advertisment

2019-ല്‍ ലോക്സഭയില്‍ കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ദേശിയ സുരക്ഷയില്‍ ഉണ്ടായ വീഴ്ചയും ഇന്റലിജന്‍സിന്റെ പരാജയവും എടുത്ത് പറഞ്ഞായിരുന്നു കോണ്‍ഗ്രസിന്റെ ചോദ്യങ്ങള്‍. മാലിക്കിന്റെ പുതിയ വെളിപ്പെടുത്തലില്‍ കേന്ദ്രം ഉത്തരം പറയണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.

സിആർപിഎഫ് തങ്ങളുടെ ഉദ്യോഗസ്ഥരെ കൊണ്ടുപോകാൻ ആവശ്യപ്പെട്ട അഞ്ച് വിമാനങ്ങൾ നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസമ്മതിച്ചതായും മാലിക്ക് ആരോപിക്കുന്നു. ദി വയറിന് നല്‍കിയ അഭിമുഖത്തിലാണ് മാലിക്കിന്റെ വെളിപ്പെടുത്തല്‍. 2018 ഓഗസ്റ്റ് മുതൽ 2019 ഒക്ടോബർ വരെയാണ് അദ്ദേഹം ജമ്മു കശ്മീർ ഗവർണറായി സേവനം അനുഷ്ടിച്ചത്.

"സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് യാത്ര ചെയ്യുന്നതിനായി വിമാനം ആവശ്യപ്പെട്ടിരുന്നു. കാരണം ഇത്രയം വലിയ വാഹനവ്യൂഹം റോഡിലൂടെ യാത്ര ചെയ്യാറില്ല, പക്ഷെ ആഭ്യന്തര മന്ത്രാലയം അഭ്യര്‍ത്ഥന നിരസിക്കുകയായിരുന്നു," മാലിക് വ്യക്തമാക്കി.

Advertisment

“അവർ എന്നോട് ചോദിച്ചിരുന്നെങ്കിൽ ഞാൻ അവർക്ക് വിമാനം നൽകുമായിരുന്നു. അവര്‍ക്ക് അഞ്ച് വിമാനങ്ങളായിരുന്നു വേണ്ടത്, പക്ഷെ മന്ത്രാലയം നല്‍കിയില്ല,” മാലിക് കൂട്ടിച്ചേര്‍ത്തു.

"വിമാനങ്ങള്‍ അവര്‍ക്ക് നല്‍കിയിരുന്നെങ്കില്‍ ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നെന്ന് അന്ന് ഞാന്‍ പ്രധാനമന്ത്രിയോട് പറഞ്ഞിരുന്നു. പക്ഷെ എന്നോട് നിശ്ബ്ദനായിരിക്കാനാണ് ഉപദേശിച്ചത്," മാലിക് പറഞ്ഞു.

ഇത് ആദ്യമായല്ല മാലിക് വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്നത്. ആക്രമണത്തിന്റെ അടുത്ത ദിവസം (ഫെബ്രുവരി 15 ന് ) ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ, ആക്രമണം ഒരു ഇന്റലിജൻസ് പരാജയത്തിന്റെ ഫലമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. “ഇന്റലിജൻസ് പരാജയം അംഗീകരിക്കാൻ കഴിയില്ല. സ്‌ഫോടകവസ്തുക്കൾ നിറച്ച വാഹനം ഹൈവേയിലൂടെ നീങ്ങുന്നത് കണ്ടെത്താനോ പരിശോധിക്കാനോ സാധിച്ചിരുന്നില്ല. തെറ്റുപറ്റിയെന്ന് സമ്മതിക്കണം," അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് അന്ന് തന്നെ സുരക്ഷ വീഴ്ചയില്‍ കേന്ദ്രത്തിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരുന്നു. എന്നാൽ ഫെബ്രുവരി 26 ന് ഇന്ത്യൻ വ്യോമസേന നടത്തിയ ബാലാകോട്ട് വ്യോമാക്രമണത്തോടെ സ്ഥിതിഗതികള്‍ മാറി മറിയുകയായിരുന്നു.

മാലിക്കിന്റെ വെളിപ്പെടുത്തലിന് പിന്നാലെ കോണ്‍ഗ്രസ് അന്നത്തെ ആരോപണങ്ങള്‍ പൊടിതട്ടിയെടുത്തിരിക്കുകയാണ്.

“എന്തുകൊണ്ടാണ് സിആർപിഎഫ് ജവാന്മാരെ വിമാനത്തിൽ യാത്ര ചെയ്യാൻ അനുവദിക്കാത്തത്, എന്തുകൊണ്ടാണ് മോദി സർക്കാർ അതിന് അനുമതി നൽകാത്തത്? എന്തുകൊണ്ടാണ് ജെയ്ഷെ ഭീഷണികൾ അവഗണിച്ചു? 2019 ജനുവരി രണ്ടിനും 2019 ഫെബ്രുവരി 13 നും ഇടയിൽ ഭീകരാക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയ ഇന്റലിജൻസ് വിവരങ്ങള്‍ എന്തുകൊണ്ട് അവഗണിക്കപ്പെട്ടു? എങ്ങനെയാണ് തീവ്രവാദികൾ ഇത്രയും ആർഡിഎക്‌സ് സംഭരിച്ചത്? നാല് വർഷത്തിന് ശേഷം പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണം എവിടെയെത്തി? പാർട്ടി കമ്മ്യൂണിക്കേഷൻ മേധാവി ജയറാം രമേഷ്, മീഡിയ ഡിപ്പാർട്ട്‌മെന്റ് ചെയർമാൻ പവൻ ഖേര, ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ മേധാവി സുപ്രിയ ശ്രീനേറ്റ് എന്നിവർ നടത്തിയ വാർത്താ സമ്മേളനത്തിലാണ് കോൺഗ്രസ് ഇക്കാര്യം ആവശ്യപ്പെട്ടത്.

Narendra Modi Central Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: