ന്യൂഡൽഹി: ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാസമിതി സ്ഥിരാംഗത്വത്തിനായി യുഎന്‍ പൊതുസഭയില്‍ ശബ്ദമുയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ഥിരാംഗത്വത്തിൽ നിന്ന് എത്രകാലം ഇന്ത്യയെ മാറ്റിനിര്‍ത്തുമെന്ന് മോദി പൊതുസഭയിലെ പ്രസംഗത്തിൽ ചോദിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെ ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മഹാമാരി തടയുന്നതിൽ ഐക്യരാഷ്ട്രസഭ എവിടെയാണെന്നും മോദി ചോദിച്ചു.

ഐക്യരാഷ്ട്ര സഭയുടെ കഴിഞ്ഞ 75 വര്‍ഷത്തെ പ്രകടനത്തെ വിലയിരുത്തുകയാണെങ്കില്‍ നിരവധി മികച്ച നേട്ടങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. എന്നാല്‍ അതേസമയം തന്നെ ഗൗരവതരമായ ആത്മപരിശോധന നടത്തേണ്ട സമയങ്ങളുമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 8-9 മാസങ്ങളായി ലോകം മുഴുവന്‍ കൊറോണ വൈറസ് മഹാമാരിക്കെതിരെ പേരാടിക്കൊണ്ടിരിക്കുകയാണ്. ഈ മഹാമാരിക്ക് എതിരായ പോരാട്ടത്തില്‍ ഐക്യരാഷ്ട്ര സഭ എവിടെയാണെന്നും മോദി ആഞ്ഞടിച്ചു.

Read More: കാർഷിക ബില്ലിൽ പ്രതിഷേധം ശക്തം; ശിരോമണി അകാലിദൾ എൻഡിഎ വിട്ടു

ഐക്യരാഷ്ട്ര സഭയില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. സുരക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിനായി ഇനിയും കാത്തിരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ മോദി പൊളിച്ചെഴുത്ത് ഉടനെ വേണം എന്ന് ആവശ്യപ്പെട്ടു. സുരക്ഷാസമിതി സ്ഥിരാംഗത്വം ചൈന പോലുള്ള രാജ്യങ്ങൾ മുടക്കുന്നതിന് എതിരെയായിരുന്നു നരേന്ദ്ര മോദിയുടെ വിമർശനം.

“ദുര്‍ബലരായിരുന്ന കാലത്ത് ഞങ്ങള്‍ ലോകത്തെ ബുദ്ധിമുട്ടിച്ചിട്ടില്ല. ശക്തരായപ്പോള്‍ ഞങ്ങള്‍ ഭീഷണിയും ഉയര്‍ത്തിയില്ല. ഒരു രാജ്യത്തിന് എത്രകാലം കാത്തിരിക്കേണ്ടി വരും. പ്രത്യേകിച്ച് ആ രാജ്യത്തുണ്ടാകുന്ന മാറ്റങ്ങള്‍ ലോകത്തിന്റെ മറ്റു ഭാഗങ്ങളെ വലിയ തോതില്‍ ബാധിക്കുമ്പോള്‍,” മോദി ചോദിച്ചു.

സമാധാന പാലനത്തിനിടെ ഏറ്റവും കൂടുതല്‍ സൈനികരെ നഷ്ടപ്പെട്ട രാജ്യമാണ് ഇന്ത്യ. രാജ്യം ഐക്യരാഷ്ട്ര സഭയ്ക്ക് നല്‍കിയ സംഭാവനകള്‍ കാണുമ്പോള്‍ ഇന്ന് എല്ലാ ഇന്ത്യക്കാരും ആഗ്രഹിക്കുന്നത്, ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യക്ക് വിപുലമായ പങ്കാളിത്തം ലഭിക്കണമെന്നാണെന്നും മോദി പറഞ്ഞു.

ഈ മഹാമാരിയുടെ സമയത്തു പോലും ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ 150 ലേറെ രാജ്യങ്ങളിലേക്ക് അവശ്യ മരുന്നുകള്‍ അയച്ചു.

“ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മിക്കുന്ന രാജ്യം എന്ന നിലയില്‍ ഞാന്‍ ഇന്ന് ഒരു ഉറപ്പ് നല്‍കാന്‍ ആഗ്രഹിക്കുകയാണ്- ഇന്ത്യയുടെ വാക്‌സിന്‍ ഉത്പാദനവും വിതരണക്ഷമതയും ഈ അപകടസന്ധിയില്‍ മാനവികതയെ സഹായിക്കാന്‍ ഉപയോഗപ്പെടുത്തും,” മോദി പറഞ്ഞു.

Read More: PM takes swipe at China, questions UN role in pandemic

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook