ന്യൂഡൽഹി: ഇന്ത്യൻ മണ്ണിൽ “പാക്കിസ്ഥാൻ സ്പോൺസർ ചെയ്ത ഭീകരാക്രമണങ്ങൾ” നടക്കുന്ന സമയത്ത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ക്രിക്കറ്റ് മത്സരം കളിക്കുന്നതിൽ പ്രധാനമന്ത്രിയുടെ നിലപാട് അറിയാൻ ആഗ്രഹിക്കുന്നുവെന്ന് ആം ആദ്മിയുടെ മുതിർന്ന നേതാവും എംഎൽഎയുമായ അതിഷി.
യുഎഇയിൽ നടക്കുന്ന ടി20 ലോകകപ്പിൽ ഒക്ടോബർ 24ന് ഇരുടീമുകളും ഏറ്റുമുട്ടുന്നത് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അതിഷി.
ഒരു കച്ചവടക്കാരനും രണ്ട് അധ്യാപകരും കുടിയേറ്റക്കാരും ഉൾപ്പെടെ 11 സാധാരണക്കാരാണ് ഈ മാസം ജമ്മു കശ്മീരിൽ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.
“കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഇന്ത്യൻ പൗരന്മാർക്ക് നേരെ ആവർത്തിച്ചുള്ള ആക്രമണങ്ങളാണ് നമ്മൾ കാണുന്നത്. പാകിസ്ഥാനെതിരെ ക്രിക്കറ്റ് മത്സരങ്ങൾ പാടില്ലെന്ന നിലപാടിനോട് പ്രധാനമന്ത്രി പോലും യോജിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അദ്ദേഹം പ്രതിപക്ഷത്തായിരുന്നപ്പോൾ, പാക്കിസ്ഥാൻ ഭരണകൂടം സ്പോൺസർ ചെയ്യുന്ന ഭീകരാക്രമണങ്ങൾ ഇന്ത്യയിൽ തുടരുമ്പോൾ എന്തിനാണ് മത്സരങ്ങൾ നടത്തുന്നതെന്ന് അദ്ദേഹം ഭരണകക്ഷിയോട് ചോദിക്കാറുണ്ടായിരുന്നു,” അതിഷി പറഞ്ഞു.
മത്സരം നടക്കാൻ പാടില്ലെന്ന് മറ്റു ബിജെപി നേതാക്കളും സമ്മതിക്കുമെന്ന് ഉറപ്പാണെന്നും അവർ പറഞ്ഞു. “പ്രധാനമന്ത്രി മാത്രമല്ല, മറ്റു ബിജെപി നേതാക്കളും മത്സരങ്ങൾ നടക്കാൻ പാടില്ലെന്ന് സമ്മതിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇന്ത്യൻ മണ്ണിൽ ആക്രമണങ്ങൾ വർദ്ധിക്കുന്നത് നമ്മൾ കാണുകയാണ്, വെറുതെ ഇരുന്നു കാണാൻ നമുക്ക് കഴിയില്ല. പ്രധാനമന്ത്രിയുടെ നിലപാട് അറിയാൻ എനിക്ക് താൽപര്യമുണ്ട്. ഇന്ത്യൻ മണ്ണിൽ ആക്രമണങ്ങൾ തുടരുമ്പോൾ മത്സരങ്ങൾ നടത്തുന്നത് ശരിയാണോ?” അവർ ചോദിച്ചു.