പാട്ന: ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി ബിഹാറിൽ ഇന്ന് എൻ.ഡി.എയുടെ നേതൃത്വത്തിൽ മെഗാറാലി നടക്കും. കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തട്ടകമായ അമേത്തിയിലേക്കു പോകുംമുന്പാണ് മോദി ബിഹാറിലെത്തുന്നത്. സങ്കൽപ്പ് റാലി എന്ന് പേരിട്ട റാലി പട്നയിലെ ഗാന്ധി മൈതാനിലാണ് നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദിയും നിതീഷ് കുമാറും പരിപാടിയിൽ പങ്കെടുക്കും. ഒമ്പതു വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് മോദിയും നിതീഷ് കുമാറും വേദി പങ്കിടുന്നത്.
റാലിക്കു മുന്നോടിയായി പട്നയിൽ എൻഡിഎയുടെ കൂറ്റൻ റാലികളും ഫ്ളക്സുകളും നിരന്നുകഴിഞ്ഞു. അഞ്ചുലക്ഷം പേർ റാലിയിൽ പങ്കെടുക്കുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നതായി ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി പറഞ്ഞു.
രണ്ടു വർഷം മുന്പുവരെ മോദിയുടെ കടുത്ത വിമർശകനായിരുന്ന നിതീഷ്, ആർജെഡിയുമായി കൂട്ടുവെട്ടി ബിജെപിക്കൊപ്പം ചേർന്നു സർക്കാർ രൂപീകരിക്കുകയായിരുന്നു. പ്രധാനമന്ത്രിയായശേഷം ആദ്യമായാണ് മോദി ഗാന്ധി മൈതാനിൽ എത്തുന്നത്.