ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. നരേന്ദ്ര മോദി എന്ന പേരിലുള്ള അക്കൗണ്ടാണ് ഹാക്ക് ചെയ്തത്. ബിറ്റ്കോയിന് ഇന്ത്യയില്‍ നിയമവിധേയമാക്കി എന്ന് ഒരു ട്വീറ്റും ഹാക്കര്‍ പോസ്റ്റ് ചെയ്തു. എന്നാല്‍ അക്കൗണ്ട് പിന്നീട് പുനസ്ഥാപിച്ചതായി പിഎംഒ ഇന്ത്യ ട്വീറ്റ് ചെയ്തു.
“പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റർ ഹാൻഡിൽ കുറച്ച് നേരത്തേക്ക് ഹാക്ക് ചെയ്യപ്പെട്ടു. വിഷയം ട്വിറ്ററിനെ അറിയിക്കുകയും അക്കൗണ്ട് ഉടൻ സുരക്ഷിതമാക്കുകയും ചെയ്തു. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട സമയത്ത് വന്ന ട്വീറ്റുകള്‍ അവഗണിക്കുക,” പിഎംഒ ഇന്ത്യ ട്വീറ്റ് ചെയ്തു.
നിരവധി ട്വിറ്റര്‍ ഉപയോക്താക്കളും, രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകരും പ്രധാനമന്ത്രിയുടെ അക്കൗണ്ടില്‍ വന്ന ട്വീറ്റുകള്‍ പങ്കുവച്ചിട്ടുണ്ട്.
“ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ജിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോ? ഒപ്പം ബിറ്റ്കോയിന് വാഗ്ദാനവും,” രാഷ്ട്രീയ പ്രവർത്തകനായ തെഹ്സീൻ പൂനവാല ട്വിറ്ററിൽ കുറിച്ചു.
2020 സെപ്റ്റംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വകാര്യ വെബ്സൈറ്റിലേക്കും മൊബൈൽ ആപ്പിലേക്കും ലിങ്ക് ചെയ്തിട്ടുള്ള ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നു.
Also Read: ‘നാം അപകടമേഖലയില്‍’; മാസ്ക് ഉപയോഗം കുറയുന്നത് ചൂണ്ടിക്കാട്ടി കോവിഡ് ദൗത്യസേനാ മേധാവി