ഇന്ത്യയുടെ പ്രധാനമന്ത്രിയായി രണ്ടാം തവണ സത്യപ്രതിജ്ഞ ചെയ്ത ശേഷം നരേന്ദ്ര മോദിയുടെ ആദ്യ പരിപാടികൾ വിദേശ രാഷ്ട്ര തലവന്മാരുമായുള്ള കൂടിക്കാഴ്ചയാണ്. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ അടുത്ത മണിക്കൂറിൽ തന്നെ മോദി കൂടിക്കാഴ്ചകൾ ആരംഭിച്ചു. വ്യാഴാഴ്ച രാത്രി 10.15ന് കിർഗിസ്ഥാൻ പ്രസിഡന്റ് സൂറൻബെ ജീൻബെക്കോവുമായി കൂടിക്കാഴ്ച നടത്തി. രാഷ്ട്രപതി ഭവനിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.

രണ്ടാം ദിനം BIMSTEC ( ബേ ഓഫ് ബംഗാൾ ഇനിഷ്യേറ്റീവ് ഫോർ മൾട്ടി സെക്ടറൽ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് കോ-ഓപ്പറേഷൻ) രാഷ്ട്ര തലവന്മാരുമായുള്ള കൂടിക്കാഴ്ചകളാണ്.നരേന്ദ്ര മോദിയുടെ രണ്ടാം മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പ്രത്യേകക്ഷണപ്രകാരം എത്തിയതാണ് BIMSTEC രാഷ്ട്രതലവന്മാർ.

വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് അബ്ദുൾ ഹമീദുമായി ഹൈദരാബാദ് ഹൗസിൽ മോദി കൂടിക്കാഴ്ച നടത്തി. പിന്നാലെ ശ്രീലങ്കൻ പ്രസിഡന്റ് മൈത്രീപാല സിരിസേന, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്നാദ്, നേപ്പാൾ പ്രധാനമന്ത്രി കെ.പി.ശർമ്മ ഒലി ഭൂട്ടാൻ പ്രധാനമന്ത്രി ഡോ.ലോട്ടെയ് ഷെറിങ് എന്നിവരുമായും മോദി ചർച്ച നടത്തും. ഓരോ രാഷ്ട്രതലവന്മാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് 20 മിനിട്ട് വീതമാണ് അനുവദിച്ചിരിക്കുന്നത്.

ബിംസ്റ്റിക് രാജ്യങ്ങൾക്ക് പുറമെ കിർഗിസ്ഥാൻ മൗറിഷ്യസ് രാജ്യങ്ങൾക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം മന്ത്രിസഭ സത്യപ്രതിജ്ഞ ചടങ്ങിനെത്തിയത്. 2014ൽ SAARC രാജ്യങ്ങളെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചത്. അന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫും ചടങ്ങിൽ പങ്കെടുത്തിരുന്നു.

പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് ചടങ്ങിലേക്ക് ക്ഷണമുണ്ടാകുമോയെന്നാണ് ഏവരും ഉറ്റുനോക്കിക്കൊണ്ടിരുന്നത്. എന്നാൽ അത് ഉണ്ടായില്ല. അടുത്തിടെ പുൽവാമയിലുണ്ടായ ഭീകരാക്രമണവും ബാലാകോട്ടിൽ ഇന്ത്യ നൽകിയ തിരിച്ചടിയുമാണ് ഇതിന് കാരണമെന്നാണ് ചില റിപ്പോർട്ടുകൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook