ന്യൂഡല്‍ഹി: ആറ് മാസം മുന്‍പാണ് സ്വാതന്ത്ര്യ ദിനത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ആസാദി കാ അമൃത് മഹോത്സവ് എന്ന സംരംഭം ആരംഭിച്ചത്. ഇതിന്റെ പ്രചാരണത്തിനായി കേന്ദ്രം എല്ലാ ശ്രമങ്ങളും നടത്തി വരികയാണ്. സുപ്രീം കോടതി റജിസ്ട്രി അഭിഭാഷകര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള ആസാദി കാ അമൃത് മഹോത്സവിന്റെ പരസ്യങ്ങള്‍ വന്നത് വലിയ ചോദ്യങ്ങള്‍ക്കാണ് ഇടയാക്കിയത്.
നിരവധി അഭിഭാഷകര്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചു. ഇത് ജുഡീഷ്യറിയും എക്സിക്ക്യൂട്ടീവും തമ്മില്‍ വേര്‍തിരിക്കുന്ന വരയ്ക്ക് മങ്ങലേല്‍പ്പിച്ചതായും അഭിഭാഷകര്‍ പറയുന്നു. സംഭവം വിവാദമായതോടെ പ്രധാനമന്ത്രിയുടെ ചിത്രമുള്ള പരസ്യം സുപ്രീം കോടതിയുടെ മെയിലുകളുടെ ഫൂട്ടറില് നിന്ന് നീക്കാനും പകരം സുപ്രീം കോടതിയുടെ ചിത്രം നല്‍കാനും നാഷണല്‍ ഇന്‍ഫോമാറ്റിക്സ് സെന്ററിന് (എന്‍ഐസി) റജിസ്ട്രി നിര്‍ദേശം നല്കി.
(ഒരു ഇ മെയില്‍ അയക്കുമ്പോള്‍ അതിന്റെ അവസാനഭാഗത്ത് ഉണ്ടാകുന്ന സ്ഥാപനത്തിന്റെ ഔദ്യോഗിക ചിഹ്നമോ, പരസ്യമോ, സന്ദേശമോ ആണ് ഫൂട്ടര്‍)
സുപ്രീം കോടതി അഡ്വക്കേറ്റ്സ് ഓൺ റെക്കോർഡ് അസോസിയേഷന്റെ വാട്സാപ്പ് ഗ്രൂപ്പില്‍ ഒരു അഭിഭാഷകന് ഇ-മെയിലില്‍ പ്രധാനമന്ത്രിയുടെ ചിത്രമുള്ള പരസ്യം ഉള്‍പ്പെടുത്തിയതില്‍ ആശങ്ക പ്രകടിപ്പച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു നടപടി.
“സർ, പ്രധാനമന്ത്രിയുടെ സ്നാപ്പ്ഷോട്ട് ഉള്‍പ്പെടുന്ന ഒരു അറിയിപ്പ് എനിക്ക് റജിസ്ട്രിയില്‍ നിന്ന് ലഭിച്ചു. ഒരു സ്വതന്ത്ര സ്ഥാപനമെന്ന നിലയിലും, സര്‍ക്കാരിന്റെ ഭാഗമല്ലാത്ത സാഹചര്യത്തിലും ഇത് സുപ്രീം കോടതിയുടെ നിലപാടിന് ചേരുന്നതായി തോന്നുന്നില്ല. സൂചിപ്പിച്ച കാര്യം ശരിയാണെന്ന് തോന്നുകയാണെങ്കില്‍ ഇത് ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസിനെ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു,” അഭിഭാഷകന് അയച്ച സന്ദേശത്തില്‍ പറയുന്നു.
സുപ്രീം കോടതി സെക്രട്ടറി ജനറല്‍ സഞ്ജീവ് എസ്.കൽഗാവോങ്കർ ഇത്തരം സംഭവങ്ങളെക്കുറിച്ച് അറിവില്ലെന്ന് ഉടന്‍ തന്നെ മറുപടി നല്കി. എന്നാല്‍ അഭിഭാഷകരുടെ ഭാഗത്ത് നിന്ന് ഔദ്യോഗികമായ പരാതി ലഭിച്ചതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അഡ്വക്കേറ്റ്സ് ഓൺ റെക്കോർഡ് അസോസിയേഷന് സെക്രട്ടറി ജോസഫ് അരിസ്റ്റോട്ടില്‍ പറഞ്ഞു.
“എന്‍ഐസിയുടെ എല്ലാ പ്ലാറ്റ്ഫോമുകളില്‍ പരസ്യം ഉപയോഗിച്ചിട്ടുണ്ട്. സുപ്രീ കോടതിയുടെ ഇ-മെയിലില്‍ നിന്ന് ഇത് നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചു,” എന്‍ഐസി ഉദ്യോഗസ്ഥന് പറഞ്ഞു.
മണിക്കൂറുകള്‍ക്ക് പിന്നാലെ സംഭവത്തില്‍ റജിസ്ട്രിയുടെ ഔദ്യോഗിക പ്രസ്താവനയും വന്നു. “ഇ-മെയില്‍ സന്ദേശങ്ങളില്‍ ഇത്തരമൊരു പരസ്യം ഉള്‍പ്പെട്ടകാര്യം ശ്രദ്ധയില്‍പ്പെട്ടു. ഇതിന് ജുഡീഷ്യറിയുടെ പ്രവര്‍ത്തനവുമായി യാതൊരു ബന്ധവുമില്ല,” പ്രസ്താവനയില്‍ പറയുന്നു.
ഇ-മെയിലില്‍ പരസ്യങ്ങള്‍ ഉള്‍പ്പെടുത്തിയത് അങ്ങയറ്റം പ്രതിഷേധാര്‍ഹമാണെന്ന് മുതിര്‍ന്ന അഭിഭാഷകന് ചന്ദർ ഉദയ് സിങ് പറഞ്ഞു. സുപ്രീം കോടതിയോ ഇന്ത്യയിലെ മറ്റ് കോടതികളോ സര്‍ക്കാര്‍ ഓഫിസുകള്‍ അല്ല, സർക്കാരിന്റെ പ്രചാരണ യന്ത്രങ്ങളായി ഉപയോഗിക്കാനും ഉദ്ദേശിക്കുന്നില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.