ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബയുടെ മൃതദേഹം സംസ്കരിച്ചു. ഗാന്ധിനഗറിലെ സ്മശാനത്തില്‍ വച്ചായിരുന്നു സംസ്കാരം. നരേന്ദ്ര മോദിയാണ് ചിതയ്ക്ക് തീ കൊളുത്തിയത്.
മരണവിവരമറിഞ്ഞ അദ്ദേഹം രാവിലെ തന്നെ ഗാന്ധിനഗറിലെ വസതിയിലെത്തിയുരുന്നു. പിന്നീട് വിലാപയാത്രയിലും പ്രധാനമന്ത്രി ഭാഗമായി. അമ്മയുടെ മൃതദേഹം സ്മശാനം വരെ പ്രധാനമന്ത്രി ചുമന്നു.
പ്രധാനമന്ത്രിയുടെ അമ്മ ഹീരാബ ഇന്ന് പുലര്‍ച്ചെയാണ് അന്തരിച്ചത്. 100 വയസായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ബുധനാഴ്ച അഹമ്മദാബാദിലെ യുഎന്‍ മേത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി അന്‍ഡ് റിസേര്‍ച്ച് സെന്ററില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി അധികൃതര്‍ മരണ വിവരം സ്ഥിരീകരിച്ചു.
“ഹീരാബ മോദി വ്യാഴാഴ്ച പുലര്‍ച്ചെ 3.30 ന് അന്തരിച്ചു,” യുഎന്‍ മേത്ത ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
പ്രധാനമന്ത്രി ബുധനാഴ്ച അഹമ്മദാബാദിലെത്തി അമ്മയെ കണ്ടിരുന്നു. ഒരു മണിക്കൂറിലധികം ആശുപത്രിയില്‍ ചിലവഴിച്ച അദ്ദേഹം ഡോക്ടര്‍മാരുമായി സംസാരിച്ച ശേഷമാണ് മടങ്ങിയത്.
പ്രധാനമന്ത്രിയുടെ ഇളയ സഹദോരന്‍ പങ്കജ് മോദിക്കൊപ്പം ഗാന്ധിനഗര്‍ സിറ്റിക്ക് സമീപമുള്ള റായ്സാന്‍ വില്ലേജിലായിരുന്നു ഹീരാബ താമസിച്ചിരുന്നത്. പ്രധാനമന്ത്രി ഗുജറാത്തിലെത്തുമ്പോഴെല്ലാം ഹീരാബയെ സന്ദര്‍ശിക്കുമായിരുന്നു.