അഹമ്മദാബാദ്: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുളള രാഹുൽ ഗാന്ധിയുടെ കടന്നുവരവിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന് ഔറംഗസീബ് രാജാവിനെ ലഭിച്ചുവെന്നായിരുന്നു മോദിയുടെ പരിഹാസം. ഗുജറാത്തിലെ വൽസദിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേയാണ് രാഹുൽ ഗാന്ധിയയുടെ സ്ഥാനാരോഹണത്തെക്കുറിച്ച് കോൺഗ്രസ് മുതിർന്ന നേതാവ് മണിശങ്കർ പറഞ്ഞതിനെ മോദി കളിയാക്കിയത്.

”മുഗൾ ഭരണകാലത്ത് തിരഞ്ഞെടുപ്പ് നടന്നോയെന്നാണ് മണി ശങ്കർ അയ്യർ ചോദിക്കുന്നത്. ജഹാംഗീറിനുശേഷം ഷാജഹാൻ വന്നപ്പോൾ തിരഞ്ഞെടുപ്പ് ഉണ്ടായിരുന്നോ?. ഷാജഹാനുശേഷം ഔറംഗഗസീബ് രാജാവായി. അപ്പോഴും തിരഞ്ഞെടുപ്പ് ഉണ്ടായിരുന്നോ? ഇതിലൂടെ കോൺഗ്രസ് പാർട്ടിക്കകത്ത് ജനാധിപത്യമില്ലെന്ന് അവർ അംഗീകരിച്ചു. കുടുംബാധിപത്യമാണ് കോൺഗ്രസ് പാർട്ടിക്കകത്ത് നടക്കുന്നത്” മോദി കുറ്റപ്പെടുത്തി. കോൺഗ്രസിന് ഔറംഗസീബ് രാജാവിനെ കിട്ടിയതിൽ അഭിനന്ദിക്കുന്നുവെന്നും മോദി പറഞ്ഞു.

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധി മൽസരിക്കുമ്പോൾ എതിരാളികൾ ആരുമില്ലാത്തതിനെ ബിജെപി കളിയാക്കിയിരുന്നു. ഇതിനെതിരെയാണ് മണിശങ്കർ അയ്യർ രംഗത്തെത്തിയത്. ജഹാംഗീറിന്റെ സ്ഥാനത്ത് ഷാജഹാൻ വന്നപ്പോൾ തിരഞ്ഞെടുപ്പ് നടന്നോ?. ഷാജഹാനു പകരം ഔറംഗസേബ് വന്നപ്പോൾ തിരഞ്ഞെടുപ്പ് നടന്നോ?. രാജകുമാരന്റെ തലയിലേക്ക് കിരീടം സ്വാഭാവികമായി എത്തുമെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ജനാധിപത്യത്തിൽ തിരഞ്ഞെടുപ്പിലൂടെയായിരിക്കും ഇത് സംഭവിക്കുകയെന്നും അയ്യർ പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ