ന്യൂയോർക്ക്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കമാകും. ഇന്ന് ഉച്ചമുതലാണ് പ്രധാനമന്ത്രിയുടെ അമേരിക്കൻ പര്യടനം ആരംഭിക്കുന്നത്. നയതന്ത്ര രംഗത്തും വാണിജ്യ മേഖലയിലും പുതിയ ചുവട്‌വയ്പ്പ് ലക്ഷ്യമിട്ടാണ് മോദിയുടെ അമേരിക്കൻ സന്ദർശനം. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുക്കുന്ന ‘ഹൗഡി മോദി’ പരിപാടി നാളെയാണ്.

ഇന്ന് ഹൂസ്റ്റണിൽ ഊർജ മേഖലയിലെ പ്രധാനപ്പെട്ട കമ്പനികളിലെ തലവന്മാരുമായുള്ള കൂടിക്കാഴ്ചയോടെയാണ് പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിലെ ഔദ്യോഗിക പരിപാടികൾ ആരംഭിക്കുന്നത്.

സെപ്റ്റംബർ 22നാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ഹൗഡി മോദി പരിപാടി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. അമേരിക്കയിലെ ഇന്ത്യൻ സമൂഹമായ ടെക്സാസ് ഇന്ത്യൻ ഫോറമാണ് ഹൂസ്റ്റണിൽ പരിപാടി സംഘടിപ്പിക്കുന്നത്. ഹൂസ്റ്റണിലെ എൻആര്‍ജി സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ 50,000 ൽ കൂടുതൽ ആളുകള്‍ പങ്കെടുക്കുമെന്നാണ് വിലയിരുത്തൽ.1500 ലധികം വോളണ്ടിയര്‍മാര്‍ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്.

Also Read: കോര്‍പറേറ്റ് നികുതി കുറച്ച് കേന്ദ്രം; ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം

‘ഹൗഡി മോദി’ പരിപാടി ഇന്ത്യ– യുഎസ് ബന്ധത്തിലെ നാഴികക്കല്ലായി മാറുമെന്നു നരേന്ദ്ര മോദി പറഞ്ഞു. യുഎസ് സന്ദർശനം ഇന്ത്യ–യുഎസ് ബന്ധം കൂടുതൽ ഉറപ്പുള്ളതാക്കുമെന്നും ലോകത്തെ ഏറ്റവും പഴക്ക‌മുള്ളതും വലിയതുമായ ജനാധിപത്യ രാഷ്ട്രങ്ങള്‍ തമ്മിലുള്ള പങ്കാളിത്തം കൂടുതൽ കരുത്തുറ്റതാകുമെന്നു പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

സെപ്റ്റംബര്‍ 24 നാണ് നരേന്ദ്ര മോദി-ഡൊണാള്‍ഡ് ട്രംപ് നിര്‍ണായക കൂടിക്കാഴ്ച. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ നരേന്ദ്ര മോദി പങ്കെടുത്ത് സംസാരിക്കും. കശ്മീര്‍ വിഷയം യുഎന്നില്‍ ഉന്നയിക്കില്ലെന്നാണ് ഇന്ത്യയുടെ തീരുമാനം. ഇരുപത്തിയേഴിനാണ് ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയിൽ പ്രധാനമന്ത്രി സംസാരിക്കുക.

Also Read: ഒരു പരിപാടിക്കും രാജ്യത്തെ സാമ്പത്തിക തകർച്ച മറച്ച് വെക്കാനാകില്ല; ഹൗഡി മോദിക്കെതിരെ രാഹുൽ ഗാന്ധി

അതേസമയം ഹൗഡി മോദി പരിപാടിക്കെതിരെ കോൺഗ്രസ് നേതാവും വയനാട് എംപിയുമായി രാഹുൽ ഗാന്ധി. 1.4 ലക്ഷം കോടി രൂപ മുടക്കിയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യം സാമ്പത്തിക തകർച്ചയിലേക്ക് കൂപ്പുകുത്തുമ്പോൾ പ്രധാനമന്ത്രി ഇത്തരത്തിലുള്ള പ്രവർത്തികൾക്ക് മുതിരുന്നത് ആശ്ചര്യമാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook