ന്യൂഡല്‍ഹി: അഴിമതിക്കെതിരെ അണ്ണാ ഹസാരെ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം നാലാം ദിവസം പിന്നിടുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായിരിക്കും എന്നാണ് ഹസാരെ പറയുന്നത്.

‘സാഹചര്യങ്ങളെ വേണ്ടവിധം ഉപയോഗപ്പെടുത്തിയ ഒരാള്‍ എന്ന നിലയിലായിരിക്കും ജനങ്ങള്‍ എന്നെ ഓര്‍ക്കുക. അല്ലാതെ എരിതീയില്‍ എണ്ണ ഒഴിച്ച ആളായിട്ടാകില്ല. എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ജനം പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നല്‍കും,’ ഹസാരെ പറഞ്ഞു.

അഴിമതി വിരുദ്ധ സംഘടനകള്‍ സ്ഥാപിക്കുന്നതില്‍ നരേന്ദ്ര മോദിയുടെ ഭരണകൂടം പരാജയപ്പെട്ടുവെന്നും അതിനാല്‍ കേന്ദ്രത്തില്‍ ലോക്പാലും, സംസ്ഥാനങ്ങളില്‍ ലോകായുക്തയും രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട് ജന്‍ ആന്ദോളന്‍ സത്യാഗ്രഹ എന്ന പേരില്‍ ജനുവരി 30നാണ് തന്റെ ഗ്രാമമായ റലെഗാന്‍ സിദ്ധിയില്‍ അണ്ണാ ഹസാരെ നിരാഹാര സമരം ആരംഭിച്ചത്.

‘ലോക്പാല്‍ വഴി, ജനങ്ങളുടെ പക്കല്‍ തെളിവുകളുണ്ടെങ്കില്‍ പ്രധാനമന്ത്രിക്കെതിരെ പോലും അന്വേഷണം നടത്താവുന്നതാണ്. അതുപോലെ ആരെങ്കിലും തെളിവുകള്‍ നല്‍കിയാല്‍ ലോകായുക്ത വഴി, മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കീഴിലുള്ള മറ്റു മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെല്ലാം എതിരെ അന്വേഷണം നടത്താം. അതുകൊണ്ടാണ് അവര്‍ക്കിതിനോട് താത്പര്യമില്ലാത്തത്. ഒരു പാര്‍ട്ടിക്കും ഇത് വേണ്ട. 2013ല്‍ പാര്‍ലമെന്റ് ലോക്പാല്‍ പാസാക്കിയിട്ടുണ്ട്. പക്ഷെ സര്‍ക്കാര്‍ ഇനിയും അത് രൂപീകരിച്ചിട്ടില്ല,’ അണ്ണാ ഹസാരെ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ