ന്യൂഡൽഹി: കൊറോണ വൈറസിനെതിരായ ഇന്ത്യയുടെ പോരാട്ടം ഫലപ്രദമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം കുറവാണ്. ഇന്ത്യയിൽ രോഗമുക്തി നിരക്ക് 50 ശതമാനത്തിനു മുകളിലാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

മാസ്ക് ഇല്ലാതെ പുറത്തുപോകുന്നതിനെക്കുറിച്ച് ആരും ചിന്തിക്കുക പോലുമരുത്. കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കുന്നതും സാനിറ്റൈസർ ഉപയോഗിക്കുന്നതും പ്രധാനമാണെന്നും മോദി പറഞ്ഞു. കൊറോണ വൈറസ് പകർച്ചവ്യാധി മൂലം രാജ്യത്തുണ്ടായ മരണത്തിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി. രാജ്യത്ത് ഇതുവരെ 9,900 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

Read Also: മൃതദേഹം ദഹിപ്പിക്കാം; അനുമതി നൽകി തൃശൂർ അതിരൂപത, ക്രെെസ്‌തവസഭയിൽ ആദ്യം

കോവിഡ് രോബാധിതരുടെ എണ്ണവും മരണനിരക്കും കൂടുതലായ മഹാരാഷ്‌ട്ര, ഡൽഹി, പശ്ചിമബംഗാൾ, തമിഴ്‌നാട്, ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങിയവ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുമായും കേന്ദ്രഭരണപ്രദേശങ്ങളുമായും പ്രത്യേകമായി പ്രധാനമന്ത്രി ചർച്ച നടത്തും. നാളെ വൈകിട്ട് മൂന്നിനാണ് ഈ വീഡിയോ കോൺഫറൻസ്. കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഇനി സ്വീകരിക്കേണ്ട മുൻകരുതലുകൾ പ്രധാനമന്ത്രിയുടെ വീഡിയോ കോൺഫറൻസിൽ ചർച്ചയാകും.

Read Also: കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്: കേരളം പിന്നോട്ടില്ലെന്ന് സൂചന, അന്തിമ തീരുമാനം ഇന്ന്

അതിനിടെ, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10,667  പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 380 ആണ്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,43,091 ആയി. 1,53,178 പേർ ഇപ്പോഴും ചികിത്സയിലാണ്. ഇന്ത്യയിലെ കോവിഡ് മരണസംഖ്യ പതിനായരത്തിലേക്ക് അടുക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook