ന്യൂഡല്‍ഹി: ഇന്ത്യ സാങ്കേതികവിദ്യയുടെ ഉപഭോക്താവാകുമെന്ന് മാത്രമല്ല, രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും പുരോഗതിക്കും സാങ്കേതിക വിദ്യ നടപ്പാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് 5ജി സേവനങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
5ജി സാങ്കേതികവിദ്യ ഇന്റര്‍നെറ്റിന്റെ മുഴുവന്‍ ഘടനയെയും നവീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 5ജി സേവനങ്ങള്‍ എങ്ങനെ ജീവിതം മെച്ചപ്പെടുത്തുമെന്നതിനെക്കുറിച്ച് ഗ്രാമപ്രദേശങ്ങളില്‍ ബോധവല്‍ക്കരണ കാമ്പയ്നുകള്‍ ആരംഭിക്കാന്‍ ടെലികോം വ്യവസായ അസോസിയേഷനുകളോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. സര്‍ക്കാരിന്റ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ വിജയമായാണു 5ജി സേവനങ്ങളുടെ സമാരംഭത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.
രാജ്യത്തെ തിരഞ്ഞെടുത്ത നഗരങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 5ജി സേവനങ്ങള്‍ അവതരിപ്പിച്ചു. ന്യൂഡല്‍ഹിയില്‍ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2022 ന്റെ ആറാമത് പതിപ്പും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുത്ത നഗരങ്ങളില്‍ അവതരിപ്പിക്കുന്ന 5ജി സേവനങ്ങള്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് വാര്‍ത്താവിനിമയ മന്ത്രാലയം അറിയിച്ചു.
5ജി സേവനം പുതിയ സാമ്പത്തിക അവസരങ്ങളും സാമൂഹിക നേട്ടങ്ങളും കൊണ്ടുവരും. ഇത് ഇന്ത്യന്‍ സമൂഹത്തിന് മാറ്റത്തിന്റെ ശക്തിയാകാനുള്ള സാധ്യത നല്‍കുന്നു. 2035 ഓടെ ഇന്ത്യയില്‍ 5ജി യുടെ സാമ്പത്തിക സ്വാധീനം 450 ബില്യണ്‍ ഡോളറിലെത്തുന്നാണ് പ്രതീക്ഷ.
സ്‌പെക്ട്രം ലേലം
കഴിഞ്ഞ മാസമായിരുന്നു ഇന്ത്യയിലെ എക്കാലത്തെയും വലിയ സ്‌പെക്ട്രം ലേലം. ഏഴു ദിവസം നീണ്ട ലേലത്തില്‍ 40 റൗണ്ടുകളിലായി 1.5 ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ ലേലം വന്നു. ലേല പ്രക്രിയ മൂന്ന് ദിവസത്തിനുള്ളില്‍ അവസാനിക്കുമെന്ന പ്രാഥമിക പ്രതീക്ഷകള്‍ തെറ്റിച്ചു. മൊത്തം 51.2 GHz സ്‌പെക്ട്രം വിറ്റഴിച്ചു, മൊത്തം 72 GHz – 71 ശതമാനം വരെ. വിറ്റഴിച്ച മൊത്തം സ്പെക്ട്രം രാജ്യത്തെ എല്ലാ സര്‍ക്കിളുകളും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ്. രാജ്യത്ത് അടുത്ത രണ്ട്-മൂന്ന് വര്‍ഷത്തിനുള്ളില്‍ 5ജി സേവനങ്ങള്‍ വലിയ തോതില്‍ വ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതായികേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
പ്രധാനമന്ത്രി ആദ്യം 5ജി സേവനങ്ങള്‍ അവതരിപ്പിക്കുന്ന നഗരങ്ങള്‍ ഏതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും, ടെലികോം ഓപ്പറേറ്റര്‍മാര്‍ തങ്ങളുടെ നെറ്റ്വര്‍ക്കില്‍ 5ജി സേവനങ്ങള്‍ അവതരിപ്പിക്കാന്‍ എങ്ങനെ പദ്ധതിയിടുന്നുവെന്ന് വെളിപ്പെടുത്തി. ഈ വര്‍ഷത്തെ 5ജി സ്‌പെക്ട്രം ലേലത്തില്‍ 88,000 കോടിയിലധികം തുകയ്ക്ക് ലേലം വിളിച്ച റിലയന്‍സ് ജിയോ, ദീപാവലിയോടെ ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങി മെട്രോ നഗരങ്ങളില്‍ 5ജി നെറ്റ്വര്‍ക്കില്‍ അതിവേഗ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ഓഗസ്റ്റില്‍ പറഞ്ഞിരുന്നു.
‘ഇന്ന് മുതല്‍ 18 മാസത്തില്‍ താഴെയുള്ള 2023 ഡിസംബറോടെ, ഞങ്ങളുടെ രാജ്യത്തെ എല്ലാ നഗരങ്ങളിലും എല്ലാ താലൂക്കുകളിലും എല്ലാ തഹസീലുകളിലും ഞങ്ങള്‍ ജിയോ 5ജി എത്തിക്കും,” റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍) ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി കമ്പനിയുടെ വാര്‍ഷികാഘോഷങ്ങള്‍ക്കിടെ പറഞ്ഞിരുന്നു.
ലേലത്തില്‍ ഏറ്റവും കൂടുതല്‍ പണം മുടക്കിയ രണ്ടാമത്തെ കമ്പനിയായ ഭാരതി എയര്‍ടെല്‍ 2023 അവസാനത്തോടെ രാജ്യത്തിന്റെ എല്ലാ നഗരപ്രദേശങ്ങളിലും തങ്ങളുടെ നെറ്റ്വര്‍ക്കില്‍ 5ജി ലഭ്യമാകുമെന്ന് അറിയിച്ചു. കൂടാതെ 2024 മാര്‍ച്ചോടെ നഗരങ്ങളിലും പ്രധാന ഗ്രാമപ്രദേശങ്ങളിലും 5ജി ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.
ലേലത്തിലെ മൂന്നാം സ്ഥാനക്കാരായ വോഡഫോണ്‍ ഐഡിയ (Vi) 5G ലോഞ്ച് പ്ലാനുകള്‍ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ലേലത്തിലെ നാലാം സ്ഥാനക്കാരായ അദാനി ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ അദാനി ഡാറ്റ നെറ്റ്വര്‍ക്ക്‌സ്, തങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ 5ജി സേവനങ്ങള്‍ നല്‍കില്ലെന്നന്നും പറഞ്ഞു. സ്‌പെക്ട്രം ലേലത്തില്‍, 5ജി യുടെ ബിസിനസ് തലത്തിലുള്ള ഉപയോഗത്തിന് ഏറ്റവും അനുയോജ്യമായ 26 GHz ബാന്‍ഡില്‍ മാത്രമാണ് കമ്പനി സ്‌പെക്ട്രം സ്വന്തമാക്കിയത്.