അഹമ്മദാ​ബാ​ദ്​: ന​ർ​മ​ദ ന​ദി​യി​ൽ നി​ർ​മി​ച്ച സ​ർ​ദാ​ർ സ​രോ​വ​ർ അ​ണ​ക്കെ​ട്ട്​ ഞാ​യ​റാ​ഴ്​​ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ഷ്​​ട്ര​ത്തി​ന്​ സ​മ​ർ​പ്പി​ക്കും. 1961 ഏ​പ്രി​ൽ അ​ഞ്ചി​ന്​​ ​പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു​ തറക്ക​ല്ലി​ട്ട പ​ദ്ധ​തി 56 വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ്​ പൂ​ർ​ത്തി​യാ​യ​ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറുപത്തിയാറാം പിറന്നാൾ ദിനമായ ഇന്നാണ് അണക്കെട്ടിന്റെ ഉദ്ഘാടനം നിശ്ചയിച്ചതെന്നതും ശ്രദ്ധേയമാണ്.

രാവിലെ ഗാന്ധി നഗറിലെത്തി മോദി തന്റെ മാതാവിനെ സന്ദർശിക്കും. ശേഷം സർദാർ സരോവർ അണക്കെട്ട് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. ഈ വർഷം അവസാനം നിയമസഭ തിരഞ്ഞെടുപ്പിലേക്കു പോകുന്ന സംസ്ഥാനത്തു വിവിധ പൊതു പരിപാടികളിലും മോദി സംബന്ധിക്കും. നർമദാ മഹോൽത്സാവത്തിന്റെ സമാപന സമ്മേളനത്തിൽ പ്രധാനമന്ത്രി സംസാരിക്കും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അനൗദ്യോഗിക തുടക്കമായാണ് ഈ പരിപാടികളെ ബിജെപി കാണുന്നത്.

ഗുജറാത്തിൽ നർമദാനദിയിൽ നവഗാമിനു സമീപമാണ് സ​ർ​ദാ​ർ സ​രോ​വ​ർ അ​ണ​ക്കെ​ട്ട്​. അണക്കെട്ടിന്റെ ഇപ്പോഴത്തെ ഉയരം 138 മീറ്റർ. നേരത്തേ ഇതു 121.92 മീറ്ററായിരുന്നു. നിലവിൽ 40.73 ലക്ഷം ക്യുബിക് മീറ്റർ സംഭരണശേഷി. അണക്കെട്ടിന്റെ നീളം 1.2 കിലോമീറ്റർ. 30 ഷട്ടറുകൾ; ഓരോന്നിനും 450 ടൺ ഭാരം. ഒരു മണിക്കൂർ എടുക്കും ഷട്ടർ പൂർണമായി തുറക്കാൻ.

യഥാക്രമം 1200 മെഗാവാട്ട്, 250 മെഗാവാട്ട് വീതം വൈദ്യുതി ഉൽപാദനശേഷിയുള്ള രണ്ടു വൈദ്യുത നിലയങ്ങളാണ് അണക്കെട്ടിന്റെ ഭാഗമായുള്ളത്. ഇവിടെ ഇതിനകം 4141 കോടി യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചുകഴിഞ്ഞു. അണക്കെട്ടിൽനിന്ന് ഇതിനകം 16,000 കോടിയിലേറെ രൂപയുടെ വരുമാനം നേടിയതായാണു സർക്കാർ കണക്ക്. അതായത് നിർമാണത്തിനു ചെലവായ പണത്തിന്റെ ഇരട്ടി. യുഎസിലെ ഗ്രാൻഡ് കൂളി ഡാം ആണു ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട്.

അതേസമയം, മധ്യപ്രദേശിലെ ബര്‍വാനിയിലെ ഛോട്ടാ ബര്‍ദാ ഗ്രാമത്തില്‍ മേധാ പട്കറിന്റെ നേതൃത്വത്തില്‍ ജലസത്യാഗ്രഹസമരവും തുടങ്ങിയിട്ടുണ്ട്. അണക്കെട്ടിലെ വെള്ളം പൊങ്ങിയതിനാല്‍ മുങ്ങുന്ന 192 ഗ്രാമങ്ങളിലൊന്നാണ് ഇത്. പുനരധിവാസം പൂര്‍ത്തീകരിക്കാതെ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് അണക്കെട്ടിന്റെ സംഭരണശേഷി കൂട്ടിയെന്നാണ് ആരോപണം. ഗുജറാത്തിലെ 9000 ഗ്രാമങ്ങളിലായി 18 ലക്ഷം ഹെക്ടറില്‍ ജലസേചനസൗകര്യം കിട്ടുമെന്നതിനാല്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്കില്ല. മോദി പ്രധാനമന്ത്രിയായ ശേഷമാണ് നര്‍മദ കണ്‍ട്രോള്‍ അതോറിറ്റിയില്‍നിന്നും സുപ്രീംകോടതിയില്‍നിന്നും സംഭരണശേഷി ഉയര്‍ത്താന്‍ അനുമതി ലഭിച്ചത്.

അണക്കെട്ടിന്റെ പേരില്‍ ബിജെപി നുണ പ്രചരിപ്പിക്കുന്നുവെന്ന് കോണ്‍ഗ്രസും കുറ്റപ്പെടുത്തുന്നു. കൃഷിസ്ഥലങ്ങളിലേക്കുള്ള 43,000 കിലോമീറ്റര്‍ കനാലുകളില്‍ 18000 മാത്രമേ പൂര്‍ത്തിയായുള്ളു എന്നിരിക്കെ പത്തുലക്ഷം ഹെക്ടറിലും വെള്ളമെത്തില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. വ്യവസായങ്ങള്‍ക്കായി വെള്ളം വന്‍തോതില്‍ മറിച്ചുനല്‍കുന്നുവെന്നും ആരോപണമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ