ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം മേയ് 28-ാം തീയതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ലോക്‌സഭാ സെക്രട്ടേറിയറ്റാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ലോക്‌സഭാ സ്പീക്കർ ഓം ബിർള പ്രധാനമന്ത്രിയെ സന്ദർശിക്കുകയും പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാൻ ക്ഷണിച്ചതായും സെക്രട്ടേറിയറ്റ് പുറത്തു വിട്ട പ്രസ്താവനയില്‍ പറയുന്നു.
നിലവിലുള്ള പാർലമെന്റിന്റെ നിർമ്മാണം 1927-ലാണ് പൂർത്തിയായതെന്നും, നിലവിലെ ആവശ്യങ്ങൾക്കനുസരിച്ച് സ്ഥലത്തിന്റെ അഭാവമുണ്ടെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
“ഇരു സഭകളിലും ഇരിപ്പിടങ്ങളുടെ കാര്യത്തില്‍ സൗകര്യക്കുറവുള്ളത് അംഗങ്ങളുടെ പ്രവർത്തനക്ഷമതയെ ബാധിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ പരിഗണിച്ച്, പാർലമെന്റിനായി പുതിയ കെട്ടിടം നിർമ്മിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയങ്ങൾ ലോക്‌സഭയും രാജ്യസഭയും പാസാക്കി,” പ്രസ്താവനയിൽ പറയുന്നു.
നിലവിലുള്ള പാർലമെന്റ് മന്ദിരത്തോട് ചേർന്നുള്ള പുതിയ കെട്ടിടത്തിൽ ലോക്‌സഭയിൽ 888 എംപിമാരെയും രാജ്യസഭയിൽ 300 എംപിമാരെയും ഉൾക്കൊള്ളാൻ കഴിയും. നിലവിലുള്ള 543, 250
എംപിമാരെയാണ് ഇരുസഭകളിലുമായി ഉള്‍ക്കൊള്ളാനാകുന്നത്.