ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക്‌ഡൗണ്‍ ഈ മാസം 17ന് അവസാനിക്കാനിരിക്കെയാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

കഴിഞ്ഞ ദിവസം സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി മോദി വീഡിയോ കോൺഫറൻസ് വഴി സംസാരിച്ചിരുന്നു. ലോക്ക്‌ഡൗണ്‍ ഇനിയും നീട്ടണമെന്ന് വിവിധ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടപ്പോൾ ലോക്ക്‌ഡൗണ്‍ നീട്ടരുതെന്നും ചില നിയന്ത്രണങ്ങൾ തുടരണമെന്നും മറ്റു ചില സംസ്ഥാനങ്ങളും ആവശ്യപ്പെട്ടു.

രാജ്യത്ത് ഇന്ന് മുതൽ ട്രെയിൻ സർവീസുകൾ പുനരാരംഭിച്ചു. എന്നാൽ പാസഞ്ചർ ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നതിനെ അതിശക്തമായി എതിർത്ത് തമിഴ്‌നാടും തെലങ്കാനയും രംഗത്തെത്തിയിരുന്നു. ട്രെയിൻ സർവീസ് സാധാരണ രീതിയിൽ ആയാൽ ഇതുവരെയുള്ള നിയന്ത്രണങ്ങൾ പാളിപ്പോകുമെന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്.

പാസഞ്ചർ ട്രെയിൻ സർവീസ് ഉടൻ പുനരാരംഭിക്കരുതെന്ന് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. പ്രധാന നഗരങ്ങളായ മുംബൈ, ചെന്നൈ, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിൽ രോഗവ്യാപനം വർധിക്കാൻ സാധ്യതയുണ്ടെന്ന ആശങ്കയും അദ്ദേഹം രേഖപ്പെടുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook