scorecardresearch
Latest News

PM Modi Speech Highlights: കോവിഡ് വാക്‌സിൻ, രാജ്യത്തെ ഉത്സവങ്ങൾ, എത്രത്തോളം ശ്രദ്ധ വേണം; പ്രധാനമന്ത്രിയുടെ പ്രസംഗം പൂർണരൂപം

PM Modi Speech Highlights: വെെറസ് നമുക്കിടയിൽ തന്നെയുണ്ടെന്ന് മോദി

PM Modi Speech Highlights: കോവിഡ് വാക്‌സിൻ, രാജ്യത്തെ ഉത്സവങ്ങൾ, എത്രത്തോളം ശ്രദ്ധ വേണം; പ്രധാനമന്ത്രിയുടെ പ്രസംഗം പൂർണരൂപം

PM Modi Speech Highlights: ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്‌തു സംസാരിച്ചു. ഇന്ന് വെെകീട്ട് ആറിനാണ് രാഷ്‌ട്രത്തെ അഭിസംബോധന ചെയ്തത്.

കോവിഡ് സംബന്ധമായ കാര്യങ്ങളാണ് പ്രധാനമന്ത്രി ഇന്നത്തെ പ്രസംഗത്തിൽ ഉൾപ്പെടുത്തിയത്. “ആഘോഷങ്ങളും ഉത്സവങ്ങളും വരുന്നു. പൊതുസ്ഥലങ്ങളിൽ ആളുകൾ തടിച്ചുകൂടിയേക്കാം. തിരക്ക് വർധിച്ചേക്കാം. സമ്പൂർണ അടച്ചുപൂട്ടൽ നമ്മൾ നീക്കിയിട്ടുണ്ട്. എന്നാൽ, വെെറസ് നമുക്കിടയിൽ തന്നെയുണ്ട്. ശ്രദ്ധ വേണം,” നരേന്ദ്ര മോദി രാജ്യത്തെ ഓർമിപ്പിച്ചു.

ദീപാവലി, ദസറ അടക്കമുള്ള ഉത്സവങ്ങൾ വന്നെത്തി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആഷോഘങ്ങളുടെ ദിവസങ്ങളാണ് വരുന്നത്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്. ഉത്സവക്കാലത്ത് അതീവ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി ഓർമിപ്പിക്കുന്നു.

Read Also: ലക്ഷ്യം വോട്ട് ബാങ്കോ? സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിനെതിരെ ഹൈക്കോടതി

“ജനത കർഫ്യുവിന്റെ സാഹചര്യത്തിൽ നിന്നു നമ്മൾ ഒരുപാട് ദൂരം സഞ്ചരിച്ചു. കോവിഡ് മഹാമാരിയുടെ തുടക്കത്തിൽ നേരിട്ടിരുന്ന അവസ്ഥയിൽ നിന്ന് മാറ്റമുണ്ടായിട്ടുണ്ട്. നിരവധി ആളുകൾ സാധാരണ രീതിയിൽ ജോലിക്ക് പോകാൻ തുടങ്ങി. എന്നാൽ, കൊറോണ വെെറസെന്ന അപകടകരമായ സാഹചര്യം അവസാനിച്ചിട്ടില്ല. കോവിഡിനെതിരെ നമ്മൾ നന്നായി പോരാടി. പല വൻകിട രാജ്യങ്ങളേക്കാൾ നന്നായി നമ്മൾ കോവിഡിനെ പ്രതിരോധിച്ചു. നമ്മുടെ മരണനിരക്ക് പല വികസിത രാജ്യങ്ങളേക്കാൾ കുറവാണ്,” പ്രധാനമന്ത്രി പറഞ്ഞു.

യുഎസ്, യുകെ, ബ്രസീൽ എന്നീ രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ഇന്ത്യയുടെ അവസ്ഥ വളരെ ഭേദപ്പെട്ടതെന്ന് പ്രധാനമന്ത്രി. ഏറെ സമ്പന്നമായ രാജ്യങ്ങളേക്കാൾ മനുഷ്യജീവൻ സംരക്ഷിക്കാൻ നമുക്ക് സാധിച്ചെന്നും മോദി പറഞ്ഞു.

പത്ത് കോടി കോവിഡ് പരിശോധന എന്ന കടമ്പ ഇന്ത്യ ഉടൻ മറികടക്കും. കോവിഡ് മഹാമാരിക്കെതിരെയുള്ള പ്രതിരോധത്തിൽ ഇത് വലിയൊരു നേട്ടമാണ്. ആരോഗ്യപ്രവർത്തകരും രാജ്യത്തെ ജനങ്ങളും ഒത്തൊരുമിച്ച് പോരാടി. അതുകൊണ്ട് ഇനിയുള്ള സമയത്ത് അശ്രദ്ധ കാണിക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോവിഡ് പ്രതിരോധത്തിൽ അലസത കാണിക്കുന്നവർക്ക് പ്രധാനമന്ത്രിയുടെ വിമർശനം. പലരും കോവിഡ് പ്രതിരോധത്തിൽ അലസത കാണിക്കുന്നതായും വേണ്ടത്ര മുൻകരുതലുകൾ സ്വീകരിക്കാത്തതായും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. മാസ്‌ക് ധരിക്കാതെ ജോലി ചെയ്യുന്നവരുടെ എണ്ണം കൂടിവരുന്നതായി അദ്ദേഹം പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തവർ സ്വന്തം കുടുംബത്തെയും അപകടത്തിലാക്കുന്നതായി അദ്ദേഹം പറഞ്ഞു.

കോവിഡ് വാക്‌സിൻ പുറത്തിറങ്ങും വരെ അതീവ ശ്രദ്ധ തുടരണം. യൂറോപ്പിലും അമേരിക്കയിലും അടക്കം രോഗവ്യാപന തോത് താഴ്‌ന്ന ശേഷം വീണ്ടും ഉയർന്നിട്ടുണ്ട്. അതുകൊണ്ട് ശ്രദ്ധ തുടരണമെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു. കോവിഡ് വാക്‌സിന് വേണ്ടിയുള്ള പ്രയത്‌നങ്ങൾ പുരോഗമിക്കുകയാണ്. പലതും അവസാന ഘട്ടത്തിലാണ്. എത്രയും പെട്ടന്ന് രാജ്യത്തെ ജനങ്ങൾക്ക് കോവിഡ് വാക്‌സിൻ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ പരിശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് മഹാമാരിയെ പൂർണമായി പിടിച്ചുകെട്ടുന്നതുവരെ നമുക്ക് വിശ്രമമില്ല, വിശ്രമിക്കരുത്. കോവിഡ് ഭീഷണിയെ ചെറുതായി കാണരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് 46,790 പേർക്കാണ് സ്ഥിരീകരിച്ചത്. ജൂലൈ അവസാനത്തിനുശേഷം ഇതാദ്യമായാണ് ഒരു ദിവസം 50,000 ത്തിന് താഴെ പുതിയ കോവിഡ് കേസുകൾ രാജ്യം റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 75,97,063 ആയി.

Read More in English: PM Narendra Modi Speech 

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Pm narendra modi to address nation at 6 pm today live updates