ന്യൂഡല്‍ഹി: യുക്രൈന്‍ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ഫോണ്‍ സംഭാഷണം നടത്തി. യുക്രൈനെതിരായ യുദ്ധത്തിന് വഴിയൊരുക്കിയ കാരണങ്ങളെക്കുറിച്ച് പുടിന്‍ മോദിയോട് വിശദീകരിച്ചതായാണ് വിവരം. റഷ്യയും നാറ്റോയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ നയപരമായ ചര്‍ച്ചയിലൂടെ മാത്രമേ പരിഹരിക്കാനാകൂ എന്ന ഇന്ത്യയുടെ നിലപാട് മോദി ആവര്‍ത്തിച്ചു.
ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്ന് മോദി അഭ്യര്‍ത്ഥിക്കുകയും നയന്ത്രചര്‍ച്ചകളിലേക്ക് കടക്കാന്‍ എല്ലാഭാഗത്ത് നിന്നുള്ള ശ്രമമുണ്ടാകണമെന്നും ആഹ്വാനം ചെയ്തു. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യുക്രൈനിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയും മോദി പ്രകടിപ്പിച്ചു. അവരുടെ സുരക്ഷിതമായ തിരിച്ചുവരവിനാണ് ഇന്ത്യ മുന്‍ഗണന നല്‍കുന്നതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ആഗോള എണ്ണ വിപണിയിലെ ഇടിവിന് പുറമെ യുക്രൈനിലെ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രിയുടെ നേത്യത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നിരുന്നു. യുക്രൈനിലുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സുരക്ഷയുറപ്പാക്കാനുള്ള ശ്രമങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. “അമേരിക്ക, റഷ്യ, യൂറോപ്യൻ യൂണിയൻ എന്നിവയുമായി ഇന്ത്യ ശക്തമായ ബന്ധം പുലർത്തുന്നുവെന്നത് ശരിയാണ്, സ്ഥിതിഗതികളിൽ ആശങ്കയുണ്ട്. നയതന്ത്ര ചർച്ചയിലും കാര്യങ്ങള്‍ പരിഹരിക്കുന്നതിലുമാണ് ഞങ്ങളുടെ ശ്രദ്ധ. അത്തരമൊരു സന്ദര്‍ഭം സൃഷ്ടി ക്കണമെങ്കില്‍ അതിന് തയാറാണ്” വിദേശകാര്യ സെക്രട്ടറി ഹർഷ് വി ശ്രിംഗ്ല ഇന്നലെ വ്യക്തമാക്കിയിരുന്നു.
യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികള്‍ക്ക് അടിയന്തര സഹായത്തിനായി കീവിലെ ഇന്ത്യന്‍ എംബസി 24 മണിക്കൂറും പ്രവര്‍ത്തിക്കും. വിദ്യാര്‍ഥികള്‍ക്കുള്ള താമസമടക്കമുള്ള കാര്യങ്ങള്‍ ക്രമീകരിച്ചിട്ടുമുണ്ടെന്നാണ് വിവരം. നിലവിലെ സാഹചര്യം സങ്കീര്‍ണമാണെന്നാണ് എംബസി അറിയിക്കുന്നത്. ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കുന്നതിനു സഹായിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ സംഘങ്ങള്‍ യുക്രൈന്‍ അതിര്‍ത്തികളിലേക്ക് അയയ്ക്കും. ഹംഗറി, പോളണ്ട്, സ്ലോവാക് റിപ്പബ്ലിക്, റൊമാനിയ എന്നീ രാജ്യങ്ങളുമായുള്ള യുക്രൈന്റെ കര അതിര്‍ത്തികളിലേക്കാണ് സംഘങ്ങളെ അയച്ചത്.