ന്യൂഡൽഹി: പലസ്തീൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പുറപ്പെട്ടു. ഡൽഹി വിമാനത്താവളത്തിൽനിന്നും ഉച്ചയ്ക്ക് 12.15 ഓടെയാണ് മോദി യാത്ര തിരിച്ചത്. വൈകിട്ട് 6.15 ന് ജോർദാനിലെത്തുന്ന നരേന്ദ്ര മോദി അവിടെ തങ്ങും. നാളെയാണ് റമല്ലയിലേക്ക് പോവുക. ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പലസ്തീൻ സന്ദർശിക്കുന്നത്.

നരേന്ദ്ര മോദിയെ ശ്രേഷ്ഠ അതിഥി എന്ന് പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ ഓഫീസ് വിശേഷിപ്പിച്ചു. പലസ്തീനു ശേഷം പ്രധാനമന്ത്രി യുഎഇയിലും ഒമാനിലും എത്തും. ശ്രേഷ്ഠ അതിഥിയെ സ്വീകരിക്കാൻ രാജ്യം ഒരുങ്ങിയെന്ന് പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ കൊട്ടാരം പ്രസ്താവനയിൽ പറഞ്ഞു

ചരിത്ര സന്ദർശനത്തിന് തിരിക്കുന്ന നരേന്ദ്ര മോദി ജോർദ്ദാൻ വഴിയാകും പലസ്തീനിൽ എത്തുക. ചർച്ചകൾക്കു ശേഷം ചില കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കും. റമല്ലയിലെ പ്രസിഡൻഷ്യൽ ഹെഡ്ക്വാർട്ടേഴ്സിൽ നടക്കുന്ന ചർച്ചയിൽ ഇന്ത്യയുടെ തുടരുന്ന സഹായത്തിനും പിന്തുണയ്ക്കും നന്ദി രേഖപ്പെടുത്തുമെന്ന് പലസ്തീൻ അറിയിച്ചു. മോദിക്ക് മെഹമൂദ് അബ്ബാസ് ഉച്ചവിരുന്ന് ഒരുക്കിയിട്ടുണ്ട്.

ഒരു പകൽ മാത്രം റമല്ലയിൽ തങ്ങുന്ന മോദി പിന്നീട് യുഎഇയിലെത്തും. ഒമാനും സന്ദർശിച്ചാവും മോദിയുടെ മടക്കം. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സൗദി അറേബ്യയിലെ സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് മോദി ഗൾഫിലെത്തുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook