ന്യൂഡല്‍ഹി: നരേന്ദ്ര മോദിക്ക് തന്നോട് വ്യക്തിവൈരാഗ്യമുണ്ടെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തന്റെ കുടുംബത്തെ കുറിച്ചും പിതാവ് രാജീവ് ഗാന്ധിയെ കുറിച്ചും പ്രധാനമന്ത്രി നുണ പറയുകയാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

സ്‌നേഹം കൊണ്ട് നിറഞ്ഞ രാജ്യമാണിത്. എന്നാല്‍, മോദിയില്‍ നിറയെ വ്യക്തിവൈരാഗ്യമാണ്. പൊതുപരിപാടികള്‍ക്ക് പോകുമ്പോള്‍ മോദിയെ സ്നേഹത്തോടെ സമീപിക്കാറുണ്ട്. എന്നാല്‍, അദ്ദേഹം ഒന്നും മറുപടി നല്‍കാറില്ല രാഹുല്‍ ഗാന്ധി പറഞ്ഞു. എന്‍ഡിടിവി നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്.

Read More: രാജീവ് ഗാന്ധിയെക്കുറിച്ച് ഞാന്‍ പറഞ്ഞത് സത്യം മാത്രം: പ്രധാനമന്ത്രി നരേന്ദ്ര മോദി

നെഹ്‌റുവിനെ കുറിച്ചും ഇന്ദിരയെ കുറിച്ചും നുണകളാണ് പ്രധാനമന്ത്രി പ്രചരിപ്പിക്കുന്നത്. എന്നാല്‍, ഇതിനെല്ലാം മറുപടി മെയ് 23 ന് ലഭിക്കുമെന്നും രാഹുല്‍ പറഞ്ഞു. അഴിമതിയിലൂടെയും നോട്ട് നിരോധനത്തിലൂടെയും അഴിമതികളിലൂടെയും രാജ്യത്തെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകാതിരിക്കാം എന്ന് മോദി തെളിയിച്ചു. മറ്റുള്ളവരെ കേള്‍ക്കാതെ ഭരിച്ചാല്‍ രാജ്യത്തെ ശരിയായി മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കില്ലെന്നും രാഹുല്‍ പറഞ്ഞു.

മോദി വിജയിക്കുമെന്ന് ഇന്ന് ആരും പറയുന്നില്ല. 2014 ല്‍ പരാജയപ്പെട്ടെങ്കിലും പോരാട്ടം അവസാനിപ്പിക്കാന്‍ ഞങ്ങള്‍ തയ്യാറല്ലായിരുന്നു. പാര്‍ലമെന്റിലും പുറത്തും ഞങ്ങള്‍ ശക്തമായി പോരാടി. ഇപ്പോള്‍ മോദി ഭയപ്പെടുന്നു എന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Read More: ‘ചൗക്കിദാർ ചോർ ഹേ’ എന്നു പറഞ്ഞത് ഞാനല്ല, ജനങ്ങളാണ്: രാഹുൽ ഗാന്ധിയുമായുളള അഭിമുഖം

നേരത്തെ, രാജീവ് ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലാണ് ഗാന്ധി കുടുംബത്തെ മോദി കടന്നാക്രമിച്ചത്. ഐഎന്‍എസ് വിരാട് കുടുംബത്തിന് അവധിക്കാലം ആഘോഷിക്കാന്‍ രാജീവ് നല്‍കിയെന്നായിരുന്നു പ്രധാന വിമര്‍ശനം. രാജീവ് ഗാന്ധി ദേശസുരക്ഷയെ അപമാനിച്ചു എന്നും മോദി കുറ്റപ്പെടുത്തിയിരുന്നു. രാജീവ് ഗാന്ധി ഏറ്റവും വലിയ അഴിമതിക്കാരനാണെന്ന വിമർശനവും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ മോദി പറഞ്ഞിരുന്നു. പരാമർശം വിവാദമായപ്പോഴും താൻ പറഞ്ഞതിൽ എന്താണ് തെറ്റ് എന്നായിരുന്നു മോദിയുടെ ചോദ്യം.

തന്റെ അച്ഛനെ അധിക്ഷേപിച്ച് പരാമര്‍ശം നടത്തിയാലും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തനിക്ക് വിദ്വേഷമില്ലെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. ‘നരേന്ദ്ര മോദി ഒരു രക്തസാക്ഷിയെ (രാജിവ് ഗാന്ധി) ആണ് അപമാനിച്ചത്. അദ്ദേഹം എന്റെ കുടുംബത്തോട് എത്രയൊക്കെ വിദ്വേഷം കാണിച്ചാലും എനിക്ക് അദ്ദേഹത്തോട് സ്നേഹം മാത്രമേ ഉളളൂ,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook