മുംബൈ: ചരക്ക്- സേവന നികുതി ഘടനയിൽ ഇനിയും ഇളവുകൾ വരുത്താൻ ഒരുങ്ങി കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഇക്കാര്യം സൂചിപ്പിച്ചത്. ജിഎസ്ടി പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന 99 ശതമാനം സാധനങ്ങളുടെയും നികുതി നിരക്ക് 18 ശതമാനത്തിന് താഴെയെത്തിക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ജിഎസ്ടി കൗൺസിൽ ശനിയാഴ്ച കൂടാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. വളരെ കുറച്ച് സാധനങ്ങൾ മാത്രം ജിഎസ്ടിയിലെ ഏറ്റവും ഉയർന്ന നികുതി നിരക്കായ 28 ശതമാനത്തിൽ നിലനിർത്തി, ബാക്കിയുള്ളവയെ 18 ശതമാനത്തിലോ അതിൽ താഴെയോ എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ആഢംബര കാറുകൾ, സിഗരറ്റ് ഉൾപ്പടെയുള്ള സാധനങ്ങളാകും 28 ശതമാനത്തിൽ നിലനിർത്തുക.

“ജിഎസ്ടി പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന 99 ശതമാനം സാധനങ്ങളെയും 18 ശതമാനം നികുതി നിരത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിലേക്കാണ് നമ്മൾ നീങ്ങുന്നത്. ഏറ്റവും ഉയർന്ന ജിഎസ്ടി നിരക്കായ 28 ശതമാനം നികുതി ഏതാനും ആഡംബര വസ്തുക്കൾക്ക് മാത്രമായി ചുരുക്കും,” മുംബൈയിൽ റിപ്പബ്ലിക് ടിവി സംഘടിപ്പിച്ച പരിപാടിയിൽ പ്രധാനമന്ത്രി സൂചിപ്പിച്ചു.

ജിഎസ്ടി സംവിധാനം രാജ്യത്ത് ഏറക്കുറെ നിലവിൽ വന്നുകഴിഞ്ഞുവെന്നും. അതിനെ സംരംഭക-സൗഹൃദ നികുതിയായി മാറ്റുകയാണ് ഉദ്ദേശ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. ജിഎസ്ടി വരുംമുമ്പ് രാജ്യത്ത് രജിസ്റ്റർ ചെയ്ത സംരംഭങ്ങളുടെ എണ്ണം 65 ലക്ഷമായിരുന്നു. അതിൽ 55 ലക്ഷത്തിന്റെ വർദ്ധന വന്നുകഴിഞ്ഞതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

നിലവിൽ 37 സാധനങ്ങളാണ് ഏറ്റവും ഉയർന്ന നികുതി നിരക്കായ 28 ശതമാനത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇതിൽ നിന്നും 68സെ.മി അധികം വലിപ്പമുള്ള ടിവി, സിമന്റ്, റബർ ടയറുകൾ, ഡിജിറ്റൽ ക്യാമറ എന്നിവയെ 18 ശതമാനത്തിൽ എത്തിക്കുമെന്നാണ് കരുതുന്നത്. പാൻമസാല , ആഡംബര കാറുകൾ, സിഗരറ്റ്, പിസ്റ്റൾസ് എന്നിവ 28 ശതമാനത്തിൽ നിലനിൽക്കും. അതേസമയം, 100 രൂപയ്ക്ക് മുകളിൽ വിൽക്കപ്പെടുന്ന സിനിമ ടിക്കറ്റുകളുടെ നിരക്കും 18 ശതമാനത്തിൽ താഴെ എത്തിക്കും. നിലവിൽ ഇത് 28 ശതമാനമാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ