ന്യൂഡല്‍ഹി: മേഘാലയയെ കുടുംബവാഴ്ച്ച രാഷ്ട്രീയത്തില്‍ നിന്ന് മുക്തമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷില്ലോങ്ങില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. ഡല്‍ഹിയില്‍ മാത്രമല്ല മേഘാലയയിലും കുടുംബം നടത്തുന്ന പാര്‍ട്ടികള്‍ തങ്ങളുടെ ഖജനാവ് നിറയ്ക്കാന്‍ സംസ്ഥാനത്തെ എടിഎമ്മാക്കി മാറ്റി. ജനം അവരെ തള്ളിക്കളഞ്ഞു. കുടുംബത്തിനല്ല, ജനങ്ങളെ മുന്‍നിര്‍ത്തിയുള്ള സര്‍ക്കാരാണ് മേഘാലയയ്ക്ക് ഇപ്പോള്‍ ആവശ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഫെബ്രുവരി 27നാണ് മേഘാലയ തെരഞ്ഞെടുപ്പ്. ഇന്ത്യ വിജയത്തിന്റെ പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണെന്നും മേഘാലയ അതിന് ശക്തമായ സംഭാവനകള്‍ നല്‍കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും അദ്ദേഹം എടുത്തു പറഞ്ഞു. ബിജെപി ചിഹ്നമായ ‘താമര’ സംസ്ഥാനത്ത് വിരിയുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
‘റോഡ്, റെയില്‍, വ്യോമ ഗതാഗത സംവിധാനങ്ങളുടെ അഭാവം മേഘാലയയുടെ വികസനത്തിന് മുമ്പ് തടസ്സം സൃഷ്ടിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്തും വടക്കുകിഴക്കന്‍ മേഖലയിലും നല്ല മാറ്റങ്ങള്‍ കൊണ്ടുവന്നു. യുവാക്കളോ, സ്ത്രീകളോ, വ്യാപാരികളോ, സര്‍ക്കാര്‍ ജീവനക്കാരോ ആകട്ടെ, മേഘാലയയില്‍ ബിജെപി അധികാരത്തിലിരിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു,ഈ സ്‌നേഹം, നിങ്ങളുടെ ഈ അനുഗ്രഹം… മേഘാലയയില്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് ക്ഷേമ പദ്ധതികള്‍ വേഗത്തിലാക്കിക്കൊണ്ട് ഞാന്‍ തീര്‍ച്ചയായും ഈ സ്‌നേഹവും അനുഗ്രഹവും തിരികെ നല്‍കും.’ മോദി പറഞ്ഞു. വെള്ളിയാഴ്ച സംസ്ഥാന തലസ്ഥാനത്ത് മോദി റോഡ്‌ഷോ നടത്തിയിരുന്നു. മേഘാലയയുടെ എല്ലാ കോണുകളിലും സര്‍ഗ്ഗാത്മകതയുണ്ട്, സംസ്ഥാനത്തിന്റെ സംസ്‌കാരത്തില്‍ അഭിമാനിക്കുന്നതായും മോദി പറഞ്ഞു.