ന്യൂഡല്‍ഹി: ഇന്ത്യയിലെ അടിയന്തരാവസ്ഥയുടെ 44-ാം വാര്‍ഷികത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭയപ്പെടാതെ അടിയന്തരാവസ്ഥയെ പ്രതിരോധിച്ച എല്ലാ മഹാന്‍മാര്‍ക്കും നരേന്ദ്ര മോദി ആദരമര്‍പ്പിച്ചു. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ 1975 ലാണ് 21 മാസം നീണ്ടുനിന്ന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

അടിയന്തരാവസ്ഥയെ ചെറുത്ത് നിന്ന എല്ലാവരെയും ഇന്ത്യ ഒന്നടങ്കം സല്യൂട്ട് ചെയ്യുന്നതായി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളാണ് അധികാര മനോഭാവത്തെ ചെറുത്ത് നിന്ന് തോല്‍പ്പിക്കാന്‍ കാരണമായതെന്നും നരേന്ദ്ര മോദി പറഞ്ഞു.

Read Also: ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയെ ന്യായീകരിക്കേണ്ടി വന്നത് സിപിഐ മറക്കരുത്: കോടിയേരി

ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി.നഡ്ഡയും അടിയന്തരാവസ്ഥ കാലത്തെ കുറിച്ച് പ്രതികരിച്ചു. അടിയന്തരാവസ്ഥയെ ഇന്ത്യയിലെ കറുത്ത ഏടായാണ് ജെ.പി.നഡ്ഡ വിശേഷിപ്പിച്ചത്. കോണ്‍ഗ്രസ് ഇന്ത്യയുടെ ജനാധിപത്യത്തെ കൊലപ്പെടുത്തി അധികാരത്തില്‍ തുടരുകയായിരുന്നു എന്ന് നഡ്ഡ പറഞ്ഞു. അടിയന്തരാവസ്ഥക്കെതിരെ സമരം ചെയ്ത ബിജെപിയിലെയും ആര്‍എസ്എസിലെയും ആയിരങ്ങളെ ഓര്‍ക്കുന്നതായും നഡ്ഡ കുറിച്ചു.

അടിയന്തരാവസ്ഥയെ രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ കറുത്ത അധ്യായമായാണ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വിശേഷിപ്പിച്ചത്. രാജ്യത്തിന്റെ ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതിനെ കുറിച്ച് ഈ ദിവസം ജനങ്ങള്‍ അറിഞ്ഞിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അടിയന്തരാവസ്ഥയുടെ വാര്‍ഷികം മോദിയെ വിമര്‍ശിക്കാനാണ് മമത ബാനര്‍ജി ഉപയോഗിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷം രാജ്യം അടിയന്തരാവസ്ഥയിലൂടെയാണ് പോയതെന്ന് മമത ട്വീറ്റ് ചെയ്തു. ഭരണഘടനാ സ്ഥാപനങ്ങളെ സംരക്ഷിക്കാന്‍ പോരാടണമെന്നും ചരിത്രത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും മമത കുറിച്ചു.

1975 ലെ അടിയന്തരാവസ്ഥ കാലത്ത് രാജ്യത്ത് മാധ്യമങ്ങള്‍ക്ക് ശക്തമായ നിയന്ത്രണമാണ് ഉണ്ടായിരുന്നത്. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയും മകന്‍ സഞ്ജയ് ഗാന്ധിയും അടിയന്തരാവസ്ഥയെ തുടര്‍ന്ന് ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിരുന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook