ന്യൂഡൽഹി: ബിജെപിയുടെ വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്തു. ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കൊപ്പം ന്യൂഡൽഹിയിൽ നടക്കുന്ന വാർത്താസമ്മേളനത്തിലാണ് മോദിയും പങ്കെടുക്കാനെത്തിയത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും കേന്ദ്ര സർക്കാരിന്റെ ഭരണവിഷയങ്ങളുമാണ് വാർത്താസമ്മേളനത്തിൽ ബിജെപി അധ്യക്ഷൻ വിശദീകരിച്ചത്. ഇതുവരെ പിന്തുണ നൽകിയ എല്ലാ ജനങ്ങൾക്കും ബിജെപി അധ്യക്ഷൻ നന്ദി രേഖപ്പെടുത്തി.

വ്യക്തമായ ഭൂരി പക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരുപാട് കാലങ്ങൾക്ക് ശേഷം ആദ്യമായിട്ടാകും ഒരു ഭൂരിപക്ഷ സർക്കാർ വ്യക്തമായ ഭൂരിപക്ഷത്തോടെ തിരിച്ചുവരുക എന്ന് നരേന്ദ്ര മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ജനങ്ങൾ നൽകിയ പിന്തുണയ്ക്കും അനുഗ്രഹത്തിനും നന്ദി. ഒരുപാട് ഉയർച്ചകളും താഴ്ചകളും ഉണ്ടായി. എന്നാൽ രാജ്യം അതിലെല്ലാം ഒന്നിച്ച് നിന്നുവെന്നും മോദി.

തിരഞ്ഞെടുപ്പ് ഭംഗിയായി നടക്കുന്നതിൽ നന്ദി അറിയിച്ച മോദി എന്നാൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരം നൽകാൻ തയ്യാറായില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയോട് അധ്യക്ഷൻ കൂടെയുണ്ട്, അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണ് താനെന്ന് പറഞ്ഞ് പ്രധാനമന്ത്രി ഒഴിഞ്ഞുമാറി.

തിരഞ്ഞെടുപ്പ് ക്യാമ്പയിൻ 2016ൽ ആരംഭിച്ചതാണ്. കഴിഞ്ഞ വർഷം പരാജയപ്പെട്ട 120 സീറ്റുകളിൽ കൂടി ജയം കണ്ടെത്തുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. നല്ല ഫലമുണ്ടാകുമെന്ന കാര്യത്തിൽ ഞങ്ങൾക്ക് നല്ല ആത്മവിശ്വാസമുണ്ട്. 300ൽ അധികം സീറ്റുകളിൽ ജയിക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അമിത് ഷാ.

വാർത്താസമ്മേളനത്തിൽ അമിത് ഷാ സംസാരിക്കുമ്പോൾ തൊട്ടരികിലാണ് മോദി ഇരിക്കുന്നത്. പ്രധാനമന്ത്രിയായ ശേഷം ഇതുവരെ വാർത്താസമ്മേളനം നടത്താത്തതിൽ മോദിക്കെതിരെ രൂക്ഷ വിമർശനമുയർന്നിരുന്നു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയും മോദി വാർത്താസമ്മേളനം നടത്താത്തതിൽ പരിഹസിച്ചിരുന്നു. ബിജെപിയുടെ വാർത്താസമ്മേളനം നടക്കുന്ന സമയത്ത് തന്നെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും വാർത്താസമ്മേളനം നടത്തുന്നുണ്ട്.