ന്യൂഡല്‍ഹി: ജി20 ഉച്ചകോടിയുടെ ഭാഗമായി റോം സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി. വത്തിക്കാൻ തലവനുമായുള്ള മോദിയുടെ ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.
“ഫ്രാൻസിസ് മാർപാപ്പയുമായി വളരെ ഊഷ്മളമായ കൂടിക്കാഴ്ച നടന്നു. അദ്ദേഹവുമായി വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാൻ അവസരം ലഭിച്ചു. ഇന്ത്യ സന്ദർശിക്കാൻ അദ്ദേഹത്തെ ക്ഷണിച്ചു,” കൂടിക്കാഴ്ചയ്ക്ക് ശേഷം, മാർപാപ്പയെ ആശ്ലേഷിക്കുന്ന ചിത്രങ്ങളോടെ മോദി ട്വീറ്റ് ചെയ്തു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കര്‍ എന്നിവര്‍ വത്തിക്കാൻ സന്ദർശനത്തിൽ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
മാര്‍പാപ്പയെ വത്തിക്കാനില്‍ സന്ദര്‍ശിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണു നരേന്ദ്രമോദി. ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാ ഗാന്ധി, ഐ കെ ഗുജ്റാള്‍, അടല്‍ ബിഹാരി വാജ്പേയ് എന്നിവരാണു മാര്‍പാപ്പയെ വത്തിക്കാനില്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രിമാര്‍.
നെഹ്റു 1955 ജൂലൈയില്‍ പയസ് പന്ത്രണ്ടാമന് മാര്പാപ്പയെയെും ഇന്ദിരാഗാന്ധി 1981-ല്‍ ജോണ്‍ പോള്‍ രണ്ടാമന് മാര്പാപ്പയെയുമാണു സന്ദര്‍ശിച്ചത്. നെഹ്റുവിന്റെ നേതൃത്വത്തിലുള്ള ആദ്യ സന്ദര്ശസംഘത്തിന്റെ ഭാഗം കൂടിയായിരുന്നു ഇന്ദിരാഗാന്ധി. 1997ല്‍ ഐ കെ ഗുജ്റാളും 2000ല്‍ അടല്‍ ബിഹാരി വാജ്പേയിയും ഇതേ മാര്‍പാപ്പയെ സന്ദര്‍ശിച്ചു.
അതേസമയം, ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ദ്രാഗിയുടെ ക്ഷണപ്രകാരം 29 മുതല്‍ 31 വരെയാണു മോദിയുടെ വത്തിക്കാന്‍ സിറ്റി സന്ദര്‍ശനം.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും ക്രിസ്ത്യന്‍ സമൂഹത്തിനും സ്ഥാപനങ്ങള്‍ക്കുമെതിരെ പീഡനങ്ങളും ആക്രമണങ്ങളും ഉണ്ടാകുന്നതായുള്ള പരാതി ഉയരുന്ന സാഹചര്യത്തിലാണു പ്രധാനമന്ത്രി മാര്‍പാപ്പയെ സന്ദര്‍ശിക്കുന്നതെന്നത് ശ്രദ്ധേയമാണ്. രാജ്യത്തെ മൂന്നാമത്തെ വലിയ ഇന്ത്യയിലെ മൂന്നാമത്തെ വലിയ മതസമൂഹമാണ് ക്രിസ്ത്യാനികള്‍. 2011 ലെ സെന്‍സസ് പ്രകാരം, 2.3 ശതമാനമാണു ക്രിസ്ത്യന്‍ ജനസംഖ്യ.
ഇറ്റലിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയിലും സ്കോട്ട്ലന്‍ഡിലെ ഗ്ലാസ്ഗോയില്‍ നടക്കുന്ന സിഒപി 26 കാലാവസ്ഥാ ഉച്ചകോടിയിലും പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു തിരക്കു പിടിച്ച ദിവസങ്ങളാണു മുന്നിലുള്ളത്. നവംബര്‍ ഒന്ന്, രണ്ട് തിയതികളില്‍ അദ്ദേഹം ഗ്ലാസ്ഗോയിലായിരിക്കും.
ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ദ്രാഗിയുമായി മോദി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഉഭയകക്ഷി, പരസ്പര താല്‍പ്പര്യമുള്ള വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു. മോദിയെ ഇന്നലെ പലോസോ ചിഗിയില്‍ മരിയോ ദ്രാഗി സ്വീകരിച്ചു. മോദിക്കും ഗാര്‍ഡ് ഓഫ് ഓണറും നല്കി.
യൂറോപ്യന്‍ യൂണിയന്റെ ഉന്നത നേതാക്കളുമായി മോദി ഇന്നലെ ഇറ്റലിയില്‍ വിപുലമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു. രാഷ്ട്രീയ, സുരക്ഷാ ബന്ധങ്ങള്‍, വ്യാപാരം, സംസ്കാരം ഉള്‍പ്പെടെയുള്ള തുടങ്ങിയ മേഖലകളില്‍ ഇന്ത്യ-യൂറോപ്യന്‍ യൂണിയന് സൗഹൃദം സംബന്ധിച്ച് ആഴത്തിലുള്ള ചര്‍ച്ചകള്‍ നടന്നു.