ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ ഉന്നയിക്കുന്ന പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ തന്റെ സർക്കാർ നിരന്തരം ശ്രമിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് പുതിയ കാർഷിക നിയമങ്ങൾ നിർത്തിവയ്ക്കാമെന്നുള്ള കേന്ദ്രത്തിന്റെ നിർദ്ദേശം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും തിങ്കളാഴ്ച നടക്കാനിരിക്കുന്ന ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സർക്കാർ വിളിച്ചുചേർത്ത പതിവ് സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
കർഷകർക്ക് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ ഒരു ഫോൺകോൾ മാത്രം അകലെയാണെന്നും ഇക്കാര്യം കർഷക നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും വെർച്വൽ മീറ്റിങ്ങിൽ വിവിധ പാർട്ടി നേതാക്കളോട് സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു.
Read More: കർഷക സമരവേദികളിൽ ഇന്നും പ്രതിഷേധം തുടരും; കനത്ത പൊലീസ് സുരക്ഷ
“കർഷകരും കേന്ദ്രസർക്കാരും തമ്മിലുള്ള പതിനൊന്നാമത് ചർച്ചയിൽ, സർക്കാർ ചർച്ചയ്ക്ക് തുറന്നതാണെന്ന് ഞങ്ങൾ പറഞ്ഞിരുന്നു. താൻ ഒരു ഫോൺ കോൾ മാത്രം അകലെയാണെന്നും കൃഷി മന്ത്രി പറഞ്ഞിരുന്നു. നിങ്ങൾ ഒന്നു ഫോൺ വിളിച്ചാൽ അദ്ദേഹം ചർച്ചയ്ക്ക് തയ്യാറാണ്,’ പ്രധാനമന്ത്രി പറഞ്ഞത് ഇതാണ്,” യോഗത്തിന് ശേഷം കേന്ദ്രമന്ത്രി പ്രൽഹാദ് ജോഷി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇന്നത്തെ ആഗോള സാഹചര്യത്തിൽ ഇന്ത്യയ്ക്ക് ലോകത്തിന് വലിയ സംഭാവനകൾ നൽകാൻ കഴിയുമെന്നും പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞു. കഴിഞ്ഞ വർഷം യുഎസിൽ മഹാത്മ ഗാന്ധി പ്രതിമ നശിപ്പിച്ചതിനെ പ്രധാനമന്ത്രി അപലപിച്ചുവെന്നും പ്രൽഹാദ് ജോഷി പറഞ്ഞു.
രാഷ്ട്രീയ പാർട്ടികളുടെ മുമ്പാകെ നിയമനിർമ്മാണ അജണ്ട മുന്നോട്ടുവയ്ക്കുന്നതിനാണ് സർവ്വകക്ഷി യോഗം വിളിക്കുന്നത്. ശനിയാഴ്ച നടന്ന യോഗത്തിൽ കോൺഗ്രസിന്റെ ഗുലാം നബി ആസാദ്, തൃണമൂൽ കോൺഗ്രസിന്റെ സുദീപ് ബന്ദോപാധ്യായ, ശിരോമണി അകാലിദളിലെ ബൽവീന്ദർ സിങ് ഭുന്ദർ, ശിവസേനയിലെ വിനായക് റാവത്ത് എന്നിവരുൾപ്പെടെയുള്ള നേതാക്കൾ കർഷകരുടെ പ്രതിഷേധം സംബന്ധിച്ച വിഷയങ്ങൾ ഉന്നയിച്ചതായാണ് വിവരം.