ലക്നൗ: ഉത്തർപ്രദേശ് മുൻമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ കല്യാൺ സിങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്നൗവിലെത്തി അന്തിമോപചാരമർപ്പിച്ചു. കുറച്ചുകാലമായി അസുഖബാധിതനായി കഴിഞ്ഞിരുന്ന കല്യാൺ സിങ് ഇന്നലെ രാത്രി ലക്നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വെച്ചാണ് മരണപ്പെട്ടത്. 89 വയസ്സായിരുന്നു.
രണ്ടു തവണ ഉത്തർപ്രദേശ് മുഖ്യമന്ത്രി ആയ കല്യാൺ സിങ് സംസ്ഥാനത്തിന്റെ വികസനത്തിനും ഇന്ത്യയുടെ “സാംസ്കാരിക പുനരുജ്ജീവനത്തിനും” “മായാത്ത സംഭാവനകൾ” നൽകിയ നേതാവാണെന്നാണ് പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് പറഞ്ഞു. രാജസ്ഥാൻ ഗവർണറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ജൂലൈ നാലിനാണ് ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് സിങിനെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. സെപ്സിസ് രോഗവും ആന്തരിക അവയവങ്ങളുടെ പ്രവർത്തനം നിലച്ചതുമാണ് മരണകാരണം എന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്.
കല്യാൺ സിങ്ങിന്റെ മരണത്തെ തുടർന്ന് ഉത്തർപ്രദേശിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. 1992 ഡിസംബർ ആറിന് ബാബ്റി മസ്ജിദ് തകർത്തപ്പോൾ കല്യാൺ സിങ് ആയിരുന്നു മുഖ്യമന്ത്രി. ബാബരി മസ്ജിദ് പൊളിച്ച സംഭവത്തിൽ കുറ്റമുക്തരാക്കപ്പെട്ട 32 പേരിൽ ഒരാളും സിങ് ആയിരുന്നു.
Also read: അഫ്ഗാൻ രക്ഷാദൗത്യം തുടരുന്നു; 107 ഇന്ത്യക്കാരെ കൂടി തിരികെ എത്തിച്ചു
തൊണ്ണൂറുകളിൽ ഉത്തർപ്രദേശിൽ ബിജെപിയുടെ വളർച്ചക്ക് പ്രധാന പങ്കുവഹിച്ച ഒരാൾ ലോധി നേതാവായ കല്യാൺ സിങ് ആയിരുന്നു.
രാമവതി ദേവിയാണ് ഭാര്യ. ഇറ്റയിൽ നിന്നുള്ള ലോക്സഭാ എംപിയായ രാജ്വീർ സിങ്ങാണ് മകൻ. ഉത്തർപ്രദേശ് ധനകാര്യ മന്ത്രി സന്ദീപ് സിങ്ങാണ് പേരക്കുട്ടി.