ന്യൂഡൽഹി: കർഷക പ്രക്ഷോഭങ്ങളെയും പാർലമെന്റിൽ പ്രതിപക്ഷ എതിർപ്പിനെയും മറികടന്ന് പാസാക്കിയ കാർഷിക ബിൽ ചരിത്രപരവും അനിവാര്യവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഷിക ബില്ലൊരിക്കലും കർഷക താൽപര്യത്തിന് എതിരല്ലെന്നും പ്രതിപക്ഷം കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക മേഖലയിലെ ഈ ചരിത്രപരമായ വലിയൊരു വ്യവസ്ഥയുടെ മാറ്റത്തിന് ശേഷം ചില ആളുകള്‍ക്ക് ഭയത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതൊരിക്കലും കര്‍ഷക താത്പര്യത്തിന് എതിരല്ല. ഈ കാലഘട്ടത്തിൽ ഇത് അനിവാര്യമായതിനാലാണ് സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി ഈ പരിഷ്‌കാരം കൊണ്ടുവന്നത്. കര്‍ഷകരെ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ എവിടെയും സ്വതന്ത്രമായി വ്യാപാരം ചെയ്യാന്‍ പ്രാപ്തരാക്കുന്നതാണ് ബില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. മുമ്പത്തെ പോലെ തന്നെ താങ്ങുവില സംവിധാനം നിലനില്‍ക്കുമെന്നും കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി ഉറപ്പുനൽകി.

“കൂടുതല്‍ ലാഭം ലഭിക്കുന്നത്തിടത്ത് കര്‍ഷകര്‍ക്ക് അവരുടെ ഉത്പ്പന്നങ്ങള്‍ വില്‍ക്കാന്‍ ഇതിലൂടെ കഴിയും. ജൂണില്‍ കാര്‍ഷിക ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിച്ച ശേഷം നിരവധി സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ പുതിയ സംവിധാനത്തിന്റെ പ്രതിഫലം നേടികൊണ്ടിരിക്കുകയാണ്. കര്‍ഷകര്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ ലഭിച്ചതിന്റെ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ അവര്‍ക്ക് 15 മുതല്‍ 25 ശതമാനം വരെ കൂടുതല്‍ വരുമാനം ലഭിച്ചു.” പ്രധാനമന്ത്രി പറഞ്ഞു.

ഏറെ പ്രതിഷേധങ്ങൾക്ക് കാരണമായ കർഷക ബിൽ ഇന്നലെയാണ് രാജ്യസഭയിൽ പാസാക്കിയത്. പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെയാണ് ബിൽ രാജ്യസഭ കടമ്പ കടന്നത്. നേരത്തെ ലോക്‌സഭയിൽ അനായാസം ബിൽ പാസാക്കാൻ സാധിച്ചിരുന്നു. രാജ്യസഭയിൽ ശബ്‌ദ വോട്ടോടെയാണ് ബിൽ പാസാക്കിയത്. വോട്ടെടുപ്പിനിടെ സഭയിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook