മഥുര: കേന്ദ്ര സർക്കാരിന്റെ ഗോസംരക്ഷണ നയങ്ങളെ വിമർശിക്കുന്നവർക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പശുവെന്നും ഓം എന്നും കേൾക്കുമ്പോൾ രാജ്യം പതിനാറാം നൂറ്റാണ്ടിലേക്കാണ് പോകുന്നതെന്ന് ചിലർ നിലവിളിക്കുന്നു. പശുവിനെ സംരക്ഷിക്കുന്നത് എങ്ങനെയാണ് പിന്നോട്ട് പോകുന്നത് ആകുന്നതെന്ന അദ്ദേഹം ചോദിച്ചു. ഗോസംരക്ഷണത്തെ എതിര്‍ക്കുന്നവരാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഈ നാട്ടിൽ ‘ഓം’ എന്നും ‘പശു’ എന്നും കേൾക്കുമ്പോൾ കറണ്ടടിച്ച പോലെ ദേഹത്തെ രോമമെല്ലാം എഴുന്നേറ്റ് നിൽക്കുന്ന ചിലരുണ്ട്. ഇത് കേൾക്കുമ്പോൾ നമ്മുടെ നാട് തിരിച്ച് പതിനാറാം നൂറ്റാണ്ടിലേക്കോ, പതിനേഴാം നൂറ്റാണ്ടിലേക്കോ ഒക്കെ പൊയ്ക്കളഞ്ഞു എന്നാണ് അവർ ചിന്തിക്കുന്നത്. അത്തരക്കാർ നമ്മുടെ നാടിന്റെ നാരായവേരുകളാണ്,” പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
കന്നുകാലികളില്ലാതെ ഗ്രാമീണ സമ്പദ് വ്യവസ്ഥയെക്കുറിച്ച് ചിന്തിക്കാൻ സാധിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. മഥുരയിൽ ദേശീയ കന്നുകാലി രോഗ നിയന്ത്രണ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പദ്ധതി നടത്തിപ്പിനായി 12,652 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ 16 പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
അതേസമയം പ്രധാനമന്ത്രിയുടെ പ്രസ്താവനക്കെതിരെ എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസി രംഗത്തെത്തി. ഹിന്ദു സഹോദരൻമാർക്ക് പശു വിശുദ്ധ മൃഗമായിരിക്കാം. എന്നാൽ ഭരണഘടനയിൽ ജീവനും തുല്യതയ്ക്കും അവകാശം നൽകിയിരിക്കുന്നത് മനുഷ്യർക്കാണെന്ന് മോദി ഓർക്കണമെന്ന് ഉവൈസി പറഞ്ഞു.