ന്യൂഡൽഹി: ലോക്‌സഭയിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുലിനെ ട്യൂബ് ലെെറ്റ് എന്നു പരിഹസിച്ചാണ് മോദി പ്രസംഗിച്ചത്. മോദി പ്രസംഗിക്കുന്നതിനിടയിൽ രാഹുൽ ഗാന്ധി ഇടപെടാൻ ശ്രമിച്ചു. ഇതിനോട് വ്യക്‌തിഹത്യ ചെയ്യുന്ന വിധമാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. രാഹുലിനെ മോദി പരിഹസിക്കുന്നതു കേട്ട് ഭരണപക്ഷ അംഗങ്ങളെല്ലാം പൊട്ടിച്ചിരിക്കുകയും കയ്യടിക്കുകയും ചെയ്‌തു. എന്നാൽ, പ്രതിപക്ഷത്തു നിന്നുള്ള ആരും ഇതിനെതിരെ പ്രതികരിച്ചില്ല.

രാഹുലിനെ പരിഹസിച്ച് നരേന്ദ്ര മോദി പറഞ്ഞത് ഇങ്ങനെ: ”ഞാൻ കഴിഞ്ഞ 30-40 മിനിറ്റായി സംസാരിക്കുന്നു, പക്ഷേ വൈദ്യുതി ഇവിടെ വരെയെത്താൻ ഇത്രയും സമയമെടുത്തു. ട്യൂബ്‌ലെെറ്റുകൾ ഇങ്ങനെയാണ്” ഇതുകേട്ടതും സഭയിൽ ഭരണപക്ഷ അംഗങ്ങൾ കയ്യടിക്കാനും പൊട്ടിച്ചിരിക്കാനും തുടങ്ങി.

കോൺഗ്രസിനെ രൂക്ഷമായ ഭാഷയിലാണു മോദി വിമർശിച്ചത്. “സിഎഎയ്‌ക്കെതിരെ മുസ്‌ലിങ്ങളെ വഴിതിരിച്ചുവിട്ട് രാജ്യത്തെ വിഭജിക്കാനാണ് കോൺഗ്രസ് ശ്രമം. മുസ്‌ലിങ്ങൾ കോൺഗ്രസിന് വോട്ട് ബാങ്ക് മാത്രമാണ്. അവർ ഇന്ത്യയിലെ മുസ്‌ലിങ്ങളെ മുസ്‌ലിമുകളായി മാത്രമാണ് കണ്ടത്. പക്ഷേ ഞങ്ങൾ അവരെ ഇന്ത്യക്കാരായാണ് കണക്കാക്കുന്നത്,” മോദി പറഞ്ഞു. ഈ നിയമം കാരണം ഒരു ഇന്ത്യക്കാരനും – ഹിന്ദുക്കൾ, മുസ്‌ലിങ്ങൾ, ജൈനന്മാർ, സിഖുകാർ, ക്രിസ്ത്യാനികൾ… ആർക്കും പൗരത്വം നഷ്‌ടപ്പെടില്ലെന്നും മോദി വ്യക്തമാക്കി.

Read Also: സിഎഎ: മതസ്പർദ്ധ വളർത്തുന്ന പോസ്റ്റ് പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെന്ന് കേരള പൊലീസ്

നരേന്ദ്ര മോദിയുടെ പ്രസംഗത്തിനുശേഷം രാഹുൽ ഗാന്ധി മറുപടി നൽകി. വളരെ ചുരുങ്ങിയ വാക്കിലായിരുന്നു രാഹുൽ ഗാന്ധിയുടെ മറുപടി. “രാജ്യത്തെ തൊഴിലില്ലായ്‌മയെ കുറിച്ച് മോദി ഒന്നും മിണ്ടുന്നില്ല. തൊഴിലില്ലായ്‌മയാണ് രാജ്യത്തെ ഏറ്റവും വലിയ പ്രശ്‌നം. ഇതേ കുറിച്ച് പലതവണ മോദിയോട് ഞങ്ങൾ ചോദ്യങ്ങൾ ഉന്നയിച്ചു. എന്നാൽ, ഒരു വാക്കുപോലും പ്രധാനമന്ത്രി മറുപടി തരുന്നില്ല. ധനമന്ത്രിയും നേരത്തെ കുറേ പ്രസംഗിച്ചു. തൊഴിലില്ലായ്‌മയെ കുറിച്ച് അവരും മിണ്ടിയില്ല. “

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook