ന്യൂഡൽഹി: കൊറോണ വെെറസിനെതിരായ പോരാട്ടത്തിൽ അലംഭാവം കാണിക്കരുതെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖത്തുനിന്ന് മാസ്‌ക് നീക്കുന്നതിനു മുൻപ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുന്ന ആരോഗ്യപ്രവർത്തകരടക്കമുള്ള മുൻനിര പോരാളികളെ കുറിച്ച് ആലോചിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘മൻ കി ബാത്തി’ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“കൊറോണ വെെറസ് കൂടുതൽ മാരകശേഷിയോടെ തുടരുകയാണ്. പ്രതിരോധ പ്രവർത്തനങ്ങളിൽ അലംഭാവം കാണിക്കരുത്. മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക. ഇന്ത്യയിലെ രോഗമുക്തി നിരക്ക് മറ്റു രാജ്യങ്ങളിൽ നിന്നു വ്യത്യസ്‌തമാണ്. നമ്മുടെ രാജ്യത്ത് കൂടുതൽ പേർ രോഗമുക്തി നേടിയിരിക്കുന്നു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നമ്മുടെ മരണനിരക്ക് വളരെ കുറവാണ്. ലക്ഷകണക്കിനു ആളുകളുടെ ജീവൻ നമ്മൾ ഇതിനോടകം രക്ഷിച്ചു. എന്നാൽ, കൊറോണ വെെറസ് എന്ന ഭീഷണി നമ്മളിൽ നിന്നു അകന്നുപോയിട്ടില്ല. രാജ്യത്തിന്റെ പലയിടത്തും രോഗവ്യാപനം അതിരൂക്ഷമാണ്. നല്ല ശ്രദ്ധ പുലർത്തണം,” മോദി പറഞ്ഞു.

Read Also: കാർഗിൽ സ്‌മരണയിൽ രാജ്യം; യുദ്ധവിജയത്തിനു 21 വയസ്

കാർഗിൽ പോരാളികൾക്ക് മോദി ആദരമർപ്പിച്ചു. നാടിനു വേണ്ടി ജീവൻ ഹോമിച്ച ജവാൻമാർ രാജ്യത്തിനു മാതൃകയും പ്രചോദനവുമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാർഗിൽ യുദ്ധ വിജയത്തിന്റെ 21-ാം വാർഷികം കൂടിയാണ് ഇന്ന്. ആഭ്യന്തര പ്രശ്‌നങ്ങളിൽ നിന്നു ശ്രദ്ധ തിരിക്കാൻ ഇന്ത്യയുടെ ഭൂമി കെെവശപ്പെടുത്തുന്ന ദുഷിച്ച പദ്ധതികളായിരുന്നു പാക്കിസ്ഥാന്റേതെന്നും മോദി വിമർശിച്ചു.

അതേസമയം, കോവിഡ് പ്രതിരോധ നടപടികളെ കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും. തിങ്കളാഴ്‌ചയാണ് വീഡിയോ കോൺഫറൻസ്. ഇപ്പോഴത്തെ പ്രതിരോധ നടപടികളെ കുറിച്ച് അവലോകനം ചെയ്യും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook