ന്യൂഡല്‍ഹി: ലഡാക്കിലെ പരിസ്ഥിതിലോലമായ ഹിമാലയത്തെ ചൂഷണം ചെയ്യാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തങ്ങളുടെ സുഹൃത്തുക്കളെ അനുവദിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. സംസ്ഥാന പദവി സംബന്ധിച്ച് ലഡാക്കിലെ ജനങ്ങളുടെ അഭിപ്രായം കേന്ദ്രം കേള്‍ക്കണമെന്നും അവരുടെ താല്പര്യങ്ങള് സംരക്ഷിക്കണമെന്നും മലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു.
”ലഡാക്കിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി കേന്ദ്രഭരണ പ്രദേശത്തിന് സംസ്ഥാന പദവിയും, പ്രദേശത്തെ ഗോത്രവര്‍ഗക്കാര്‍ക്ക് ഭരണഘടനയുടെ ആറാം ഷെഡ്യൂളിന് കീഴിലുള്ള സംരക്ഷണവും ആവശ്യപ്പെടുന്നു. എന്നാല്‍ വലിയ വാഗ്ദാനങ്ങള്‍ നല്‍കിയിട്ടും നിങ്ങളുടെ സര്‍ക്കാര്‍ അവരെ വഞ്ചിച്ചിരിക്കുകയാണ്,’ അദ്ദേഹം ട്വീറ്റ് ചെയ്തു. ലഡാക്കിന് ഭരണഘടനാപരമായ സംരക്ഷണം നിഷേധിക്കുന്നതിലൂടെ തന്ത്രപ്രധാനമായ അതിര്‍ത്തി മേഖലയില്‍ രാജ്യത്തിന്റെ സുരക്ഷ അപകടത്തിലാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്രഭരണ പ്രദേശത്തെ ഏകദേശം മൂന്നില്‍ രണ്ട് ഹിമാനികള്‍ വംശനാശം സംഭവിച്ചതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നതിനാല്‍ ലഡാക്കിന്റെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കണമെന്ന് അടുത്തിടെ സാമൂഹ്യ പ്രവര്‍ത്തകനായ സോനം വാങ്ചുക്കും പ്രധാനമന്ത്രി മോദിയോട് ആവശ്യപ്പെട്ടിരുന്നു. വ്യവസായങ്ങളില്‍ നിന്ന് ലഡാക്കിന് സംരക്ഷണം നല്കുന്നതില് നിന്ന് വിട്ടുനില്‍ക്കുകയാണെങ്കില്‍, ഈ മേഖലയിലെ ഹിമാനികള്‍ വംശനാശം സംഭവിക്കുമെന്നും ഇത് ജലക്ഷാമം മൂലം വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും വാങ്ചുക് പറഞ്ഞു.
ലഡാക്കിലെ പ്രമുഖ നേതാക്കള്‍ ജനുവരി 15 ന് കേന്ദ്രഭരണ പ്രദേശത്തിന് സമ്പൂര്‍ണ്ണ സംസ്ഥാന പദവി നല്‍കണമെന്നും ഭരണഘടനയുടെ ആറാം ഷെഡ്യൂളിന് കീഴില്‍ പ്രദേശം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.