scorecardresearch
Latest News

ആദായനികുതി നടപടിക്രമങ്ങൾ ഇനിമുതൽ സുതാര്യവും ലളിതവുമെന്ന് പ്രധാനമന്ത്രി

ഫെയ്‌സ്‌ലെസ്സ് ഇ-അസസ്‌മെന്റും ഇതോടൊപ്പം നിലവില്‍ വന്നു. നികുതിദായകർ ഉദ്യോഗസ്ഥരുമായി നേരിട്ട് ഇടപെടാതെയുള്ള സംവിധാനമാണിത്

ആദായനികുതി നടപടിക്രമങ്ങൾ ഇനിമുതൽ സുതാര്യവും ലളിതവുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: നികുതിദായകരെ സഹായിക്കുന്നതിനായി ‘സുതാര്യ നികുതിപരിവ്- സത്യസന്ധരെ ആദരിക്കല്‍’ എന്ന പ്ലാറ്റ്‌ഫോം കൊണ്ടുവരികയും കൂടുതൽ പരിഷ്കരണങ്ങൾ നടപ്പാക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആദായനികുതി പിരിക്കല്‍ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനുള്ള പുതിയ പ്രവര്‍ത്തന സംവിധാനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

മന്ത്രിമാരായ നിര്‍മല സീതാരാമന്‍, അനുരാഗ് ഠാക്കൂര്‍, ആദായനികുതി വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ചേംബര്‍ ഓഫ് കൊമേഴ്സ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ സംഘടന, പ്രമുഖ അഭിഭാഷകര്‍ തുടങ്ങിയവര്‍ വീഡിയോ വഴിയുള്ള ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

Read More: രാമജന്മഭൂമി ട്രസ്റ്റ് മേധാവിക്ക് കോവിഡ്; മോദിക്കൊപ്പം വേദി പങ്കിട്ടു

കോവിഡ്-19 മൂലം ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി പ്രതിസന്ധിയിലായ സമയത്ത് കൃത്യമായി നികുതി അടയ്ക്കുന്നവരെ സഹായിക്കുന്നതിന്റെ ഭാഗമായി നടപടിക്രമങ്ങള്‍ ലളിതമായി ആര്‍ക്കും നല്‍കാവുന്ന തരത്തില്‍ പരിഷ്‌കരിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

നികുതി സമ്പ്രദായം പരിഷ്കരിക്കുന്നതിനും ലളിതമാക്കുന്നതിനുമുള്ള സർക്കാരിന്റെ ശ്രമങ്ങൾക്ക് ഈ പ്ലാറ്റ്‌ഫോം കരുത്ത് പകരുമെന്ന് മോദി ബുധനാഴ്ച ട്വീറ്റിൽ പറഞ്ഞിരുന്നു. “ഇത് സത്യസന്ധരായ നിരവധി നികുതിദായകർക്ക് ഗുണം ചെയ്യും, അവരുടെ കഠിനാധ്വാനം ദേശീയ പുരോഗതിക്ക് ശക്തി നൽകുന്നു,” അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഫെയ്‌സ്‌ലെസ്സ് ഇ-അസസ്‌മെന്റും ഇതോടൊപ്പം നിലവില്‍ വന്നു. നികുതിദായകർ ഉദ്യോഗസ്ഥരുമായി നേരിട്ട് ഇടപെടാതെയുള്ള സംവിധാനമാണിത്. നിലവില്‍ അതാത് ജില്ലകിളിലുള്ള ഉദ്യോഗസ്ഥരെയാണ് ഇതിന് നിയോഗിച്ചിരുന്നത്. ഇതൊഴിവാക്കി പൂര്‍ണമായും കംപ്യൂട്ടര്‍ അല്‍ഗൊരിതം ഉപയോഗിച്ചായിരിക്കും പ്രവര്‍ത്തനം. ഫെയ്‌സ്‌ലെസ്സ് അപ്പീല്‍ സംവിധാനം സെപ്റ്റംബര്‍ 25-ഓടെ നിലവില്‍വരും.

ഇന്ത്യയിലെ നികുതി സമ്പ്രദായത്തിൽ അടിസ്ഥാന പരിഷ്കാരങ്ങൾ ആവശ്യമാണെന്ന് പറഞ്ഞ മോദി, നികുതി സമ്പ്രദായത്തെ തടസ്സമില്ലാത്തതും കഠിനമല്ലാത്തതും നേരിൽകാണാത്തുമായി മാറ്റുന്നതിനാണ് തന്റെ സർക്കാരിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. 130 കോടി ജനങ്ങളുള്ള രാജ്യത്ത് 1.5 കോടി പൗരന്മാർ മാത്രമാണ് നികുതി അടയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സങ്കീർണ്ണത ഉണ്ടാകുമ്പോൾ കൃത്യമായി നികുതി അടയ്ക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. നികുതി സംബന്ധിച്ച നിയമം എളുപ്പവും വ്യക്തവുമാണെങ്കിൽ നികുതിദായകർ സന്തുഷ്ടരാകുമെന്നും അതുവഴി രാജ്യം മെച്ചപ്പെടുമെന്നും മോദി പറഞ്ഞു. കുറച്ചുകാലമായി ഈ പ്രവർത്തനം നടക്കുന്നുണ്ടെന്നും ഇപ്പോൾ ഡസൻ കണക്കിന് നികുതികൾക്ക് പകരം ചരക്ക് സേവന നികുതി (ജിഎസ്ടി) വന്നതായും അദ്ദേഹം വിശദീകരിച്ചു.

നികുതിയുടെ പരിധിയിൽ ഉൾപ്പെടാത്ത പൗരന്മാർ മുന്നോട്ട് വന്ന് നികുതി റിട്ടേൺ സമർപ്പിക്കണമെന്നും മോദി ആവശ്യപ്പെട്ടു. “നികുതി അടയ്ക്കാൻ കഴിവുള്ളവരിൽ​ പലരും ഇതിന്റെ പരിധിയിൽ വന്നിട്ടില്ല. അവർ സ്വയം മുന്നോട്ട് വരണം, ഇതാണ് എന്റെ അഭ്യർത്ഥനയും പ്രതീക്ഷയും,” പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിക്കുന്നതിന് മുമ്പ് പറഞ്ഞു.

Read in English: PM Narendra Modi launches Transparent Taxation platform to honour honest taxpayers

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Pm narendra modi launches transparent taxation platform to honour honest taxpayers