ബെംഗളൂരു: ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേ ഭാരത് ട്രെയിന്‍ ഓടിത്തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്തത്. മൈസുരില്‍ നിന്ന് ബെംഗളൂരു വഴി ചെന്നൈ വരെയാണ് സര്‍വീസ്. രാജ്യത്തെ അഞ്ചാമത്തെ സെമി ഹൈ സ്പീഡ് ട്രെയിനാണിത്, ദക്ഷിണേന്ത്യയിലെ ആദ്യത്തേതും.
ബെംഗളൂരുവിനേയും ചെന്നൈയേയും ബന്ധിപ്പിക്കുന്ന നിരവധി ട്രെയിനുകള്‍ ഉണ്ട്, ഇതിന് പുറമെയാണ് വന്ദേ ഭാരത് വരുന്നത്. ശതാബ്ദി എക്സ്പ്രസ്, ബ്രിന്ദാവന്‍ എക്സ്പ്രസ്, മാസ് ഡബിള്‍ ഡെക്കര്‍, ഗുവാഹത്തി എക്സ്പ്രസ്, ലാല്‍ബാഗ് എക്സ്പ്രസ്, കാവേരി എക്സ്പ്രസ്, ചെന്നൈ മെയില്‍ എന്നിവയാണ് മറ്റുള്ളവ.
യാത്രാസമയം ചുരുക്കാനും പുതിയ യാത്രാനുഭവം നല്‍കാനും വന്ദേ ഭാരതിന് കഴിയുമെന്നാണ് റെയില്‍വെ അധികൃതര്‍ പറയുന്നത്.
ട്രെയിന് മണിക്കൂറില്‍ 160 കിലോ മീറ്റര്‍ സ്പീഡില്‍ സഞ്ചരിക്കാന്‍ കഴിയും. ഇതെ വേഗതയില്‍ സ്ഥിരതയോടെ തുടരാന്‍ കഴിഞ്ഞാല്‍ ബെംഗളൂരുവില്‍ നിന്ന് മൂന്ന് മണിക്കൂറുകൊണ്ട് ചെന്നൈയില്‍ എത്താന്‍ കഴിയും, റെയില്‍വെ ഔദ്യോഗിക വൃത്തങ്ങള്‍ പിടിഐയോട് പറഞ്ഞു.
റെയിൽവേയുടെ നിര്‍മ്മാണ യൂണിറ്റായ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് (ഐസിഎഫ്) ട്രെയിന്‍ വികസിപ്പിച്ചെടുത്തത്. എല്ലാ കോച്ചുകളിലും ഓട്ടോമാറ്റിക് ഡോറുകൾ, ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ഓഡിയോ-വിഷ്വൽ പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം, വിനോദ ആവശ്യങ്ങൾക്കായി ഓൺ-ബോർഡ് ഹോട്ട്‌സ്‌പോട്ട് വൈ-ഫൈ, സുഖപ്രദമായ സീറ്റുകൾ എന്നിവയാണ് ട്രെയിനിന്റെ പ്രത്യേകതകള്‍. എക്‌സിക്യൂട്ടീവ് ക്ലാസിൽ കറങ്ങുന്ന കസേരകളുണ്ടെന്ന് അധികൃതർ പറഞ്ഞു.