ന്യൂഡല്‍ഹി: ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ നിങ്ങള്‍ക്കും ഭാഗമാകാം. പ്രസംഗത്തില്‍ ഉള്‍ച്ചേര്‍ക്കാന്‍ ജനങ്ങളുടെ ആശയങ്ങള്‍ തേടിയിരിക്കുകയാണ് പ്രധാനമന്ത്രി. നിങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും അറിയിക്കൂ എന്ന് പറഞ്ഞുകൊണ്ട് നരേന്ദ്ര മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇതിന് മുന്‍പും നരേന്ദ്ര മോദി ഇങ്ങനെ ചെയ്തിട്ടുണ്ട്.

ഓഗസ്റ്റ് 15 ന് രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് ചെങ്കോട്ടയില്‍ വച്ച് പ്രധാനമന്ത്രി സംസാരിക്കും. ഈ പ്രസംഗത്തിലേക്കാണ് അദ്ദേഹം ജനങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും ആരാഞ്ഞിരിക്കുന്നത്. ഇതിനു വേണ്ടി നമോ ആപ്പ് വഴി പ്രത്യേക സജ്ജീകരണം ഒരുക്കിയിട്ടുമുണ്ട്. നമോ ആപ്പിലെ ഓപ്പണ്‍ ഫോറത്തില്‍ നമുക്ക് അഭിപ്രായങ്ങളും ആശയങ്ങളും രേഖപ്പെടുത്താം.

ഇന്നാണ് മോദി ഇതുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്തിരിക്കുന്നത്. നമോ ആപ്പിലെ ഓപ്പണ്‍ ഫോറത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. ഇതിനോടകം തന്നെ 5,000 ത്തിലേറെ പേര്‍ ട്വീറ്റ് ലൈക്ക് ചെയ്തു. ആയിരത്തിലേറെ പേര്‍ ട്വീറ്റ് റിട്വീറ്റ് ചെയ്തിട്ടുണ്ട്. മിനിറ്റുകള്‍ക്കകം നമോ ആപ്പിലൂടെ സന്ദേശങ്ങളും അഭിപ്രായങ്ങളും പ്രവഹിക്കാനും തുടങ്ങി.

രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നരേന്ദ്ര മോദിയുടെ ആദ്യ സ്വാതന്ത്ര്യ ദിന പ്രസംഗമാണ് ഇത്തവണത്തേത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook