ന്യൂഡൽഹി: മൂന്ന് കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം 17-ാം ദിവസത്തിലേക്ക് കടക്കുമ്പോഴും, പുതിയ നിയമങ്ങളെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർഷകരെ സഹായിക്കാൻ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും സമീപകാല പരിഷ്കാരങ്ങൾ അവർക്ക് പുതിയ വിപണികളിലേക്കും സാങ്കേതികവിദ്യയിലേക്കും പ്രവേശനം നൽകുമെന്നും കാർഷിക മേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എഫ്.ഐ.സി.സി.ഐ.യുടെ 93-ാം വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

പുതിയ നിയമങ്ങൾ നിലവിൽ വരുന്നതോടെ കർഷകർക്ക് തങ്ങളുടെ വിളകൾ ചന്തകളിലോ പുറത്തുള്ളവർക്കോ വിൽക്കാൻ അവസരമുണ്ടാകുമെന്ന് മോദി പറഞ്ഞു.

“പുതിയ നയങ്ങളിലൂടെയും ഉദ്ദേശ്യങ്ങളിലൂടെയും കർഷകരുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അടുത്തിടെയുള്ള കാർഷിക നിയമങ്ങൾ കർഷകർക്ക് പുതിയ വിപണികളും സാങ്കേതികവിദ്യയിലേക്കുള്ള പ്രവേശനവും ഉറപ്പുവരുത്തുകയും കാർഷികമേഖലയിൽ നിക്ഷേപം കൊണ്ടുവരാൻ സഹായിക്കുകയും ചെയ്യും. കൃഷിക്കാർക്ക് ഇപ്പോൾ വിളകൾ ചന്തകളിലും പുറത്തുള്ളവർക്കും വിൽക്കാൻ അവസരമുണ്ട്.”

Read More: ദേശീയപാത ഉപരോധവും ട്രെയിൻ തടയലും; അരലക്ഷത്തോളം കർഷകർ കൂടി ഡൽഹിയിലേക്ക്

കാര്‍ഷിക മേഖലയില്‍ മതിയായ സ്വകാര്യവത്ക്കരണം നടന്നിട്ടില്ലെന്നും ഭക്ഷ്യസംഭരണത്തിലടക്കം സ്വകാര്യവത്ക്കരണം ആവശ്യമാണെന്നും മോദി പറഞ്ഞു. കാര്‍ഷിക മേഖലയില്‍ കേന്ദ്രം മാറ്റങ്ങള്‍ വരുത്തി. രാജ്യത്തെ കര്‍ഷകര്‍ ശക്തിപ്പെടുമ്പോള്‍ രാജ്യം ശക്തിപ്പെടും. കര്‍ഷകര്‍ക്ക് മുന്‍പിലുണ്ടായ തടസ്സങ്ങള്‍ ഇല്ലാതാക്കാനായിയെന്നും മോദി പറഞ്ഞു.

ആത്മനിർഭർ ഭാരത് എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മോദി പറഞ്ഞു. പുതിയ നിയമങ്ങളോടെ രാജ്യത്ത് നിക്ഷേപം കൂടി. കർഷകരുടെ ലാഭം മുടക്കിയ തടസ്സങ്ങൾ ഇല്ലാതാക്കാനായിയെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ വിദേശനിക്ഷേപം വർധിക്കുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “2020- ൽ ഒരുപാട് മാറ്റങ്ങളുണ്ടായി. 2020 എല്ലാവരേയും അമ്പരപ്പിച്ചു. രാജ്യവും ലോകംതന്നെയും നിരവധി ഉയർച്ചകളും താഴ്ചകളും കണ്ടു. കുറച്ച് കാലങ്ങൾക്ക് ശേഷം കൊറോണക്കാലത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ നമുക്കത് വിശ്വസിക്കാനായെന്ന് വരില്ല. കാര്യങ്ങള്‍ വഷളായതിനേക്കാള്‍ വേഗത്തില്‍ മെച്ചപ്പെട്ടുവരുന്നുണ്ട് എന്നത് ആശ്വാസകരമാണ്.”

കോവിഡ് പ്രതിസന്ധിഘട്ടത്തിൽ രാജ്യം പഠിച്ച കാര്യങ്ങൾ നമ്മുടെ ഭാവിയെക്കുറിച്ചുള്ള തീരുമാനങ്ങളെ കൂടുതല്‍ കരുത്തുറ്റതാക്കി. ഇന്ത്യയ്ക്കുമേല്‍ ലോകത്തിനുള്ള വിശ്വാസം കഴിഞ്ഞ കുറച്ചുമാസങ്ങളിൽ കൂടുതല്‍ വർധിച്ചതായും അദ്ദേഹം പറഞ്ഞു. വിദേശ നിക്ഷേപകർ ഇന്ത്യയിൽ റെക്കോഡ് നിക്ഷേപമാണ് നടത്തിയത്. അത് തുടർന്നുകൊണ്ടിരിക്കുകയാണെന്നും മോദി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook