കോഹ‌്‌ലിയുടെ വെല്ലുവിളി സ്വീകരിച്ച നരേന്ദ്ര മോദി വീഡിയോ പുറത്തുവിട്ടു

ഭൂമി, ജലം ,അഗ്നി, ആകാശം, വായു എന്നീ പഞ്ചഭൂതങ്ങളിൽനിന്നും പ്രചോദനം ഉൾക്കൊണ്ട് നടക്കാനുളള ഒരു പാത മോദി വീട്ടിൽ ഉണ്ടാക്കിയിട്ടുണ്ട്

Narendra Modi Fitness Challenge
Narendra Modi Fitness Challenge

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്‌ലിയുടെ ഫിറ്റ്നസ് വെല്ലുവിളി ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ വസതിയിൽ യോഗയും വ്യായാമവും ചെയ്യുന്നതിന്റെ വീഡിയോ മോദി പുറത്തുവിട്ടു. തന്റെ ട്വിറ്റർ പേജിൽ രാവിലെ ഒൻപതു മണിയോടെ പുറത്തുവിട്ട വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്.

കേന്ദ്രമന്ത്രി രാജ്യവർധൻ സിങ് റാത്തോഡ് ആണ് ഫിറ്റ്നസ് ഫോർ ഇന്ത്യ എന്ന പേരിൽ ചലഞ്ചിന് തുടക്കമിട്ടത്. രാജ്യവർധൻ സിങ് ഇന്ത്യൻ നായകൻ കോഹ്‌ലിയെ ഫിറ്റ്നസ് വീഡിയോ പുറത്തുവിടാൻ വെല്ലുവിളിക്കുകയും ചെയ്‌തു. കേന്ദ്രമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്ത കോഹ്‌ലി വ്യായാമം ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവിട്ടു. മാത്രമല്ല നരേന്ദ്ര മോദിയെ ഫിറ്റ്നസ് വീഡിയോ തയ്യാറാക്കാൻ വെല്ലുവിളിക്കുകയും ചെയ്‌തു.

Read More: കേന്ദ്രമന്ത്രിയുടെ വെല്ലുവിളി പുഷ്പം പോലെ ചെയ്ത് വിരാട് കോഹ്‌ലി; പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് താരം

കോഹ്‌ലിയുടെ ചലഞ്ച് ഏറ്റെടുക്കുന്നുവെന്നും അധികം വൈകാതെ വീഡിയോ പുറത്തുവിടുമെന്നും അറിയിച്ച് നരേന്ദ്ര മോദി രംഗത്തെത്തുകയും ചെയ്‌തു. വെല്ലുവിളി സ്വീകരിച്ച് രണ്ടാ‌ഴ്‌ചയിലധികം പിന്നിടുമ്പോഴാണ് മോദി വീഡിയോ പുറത്തുവിട്ടത്. തന്റെ ഔദ്യോഗിക വസതിയിൽ യോഗ ചെയ്യുന്നതിന്റെയും വ്യായാമം ചെയ്യുന്നതിന്റെയും വീഡിയോ ആണ് മോദി പുറത്തുവിട്ടത്. രാവിലെ ചെയ്യുന്ന വ്യായാമത്തിൽനിന്നുളള ചില ദൃശ്യങ്ങൾ മോദി വീഡിയോയിൽ ഉൾക്കൊളളിച്ചിട്ടുണ്ട്. ഭൂമി, ജലം ,അഗ്നി, ആകാശം, വായു എന്നീ പഞ്ചഭൂതങ്ങളിൽനിന്നും പ്രചോദനം ഉൾക്കൊണ്ട് നടക്കാനുളള ഒരു പാത മോദി വീട്ടിൽ ഉണ്ടാക്കിയിട്ടുണ്ട്. ഇതിലൂടെ അദ്ദേഹം നടക്കുന്നത് വീഡിയോയിൽ കാണാം. ഇതിനു പുറമേ ചില ബ്രീത്തിങ് വ്യായാമം ചെയ്യുന്നതും വീഡിയോയിലുണ്ട്.

സെവൻ ലോക് കല്യാൺ മാർഗ് എന്നാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി അറിയപ്പെടുന്നത്. നേരത്തെ ഇത് സെവൻ റെയ്സ് കോഴ്സ് റോഡ് എന്നായിരുന്നു. ഒരുപാട് മയിലുകൾ​ ഉളള പ്രദേശമാണിത്. മോദി പുറത്തുവിട്ട വീഡിയോയിലും മയിലുകളുടെ ശബ്‌ദം കേൾക്കാം.

വീഡിയോ പുറത്തുവിട്ട മോദി കർണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയെയും കോമൺവെൽത്ത് ഗെയിംസ് സ്വർണ മെഡൽ ജേതാവ് മണിക ബദ്രയെയും മോദി ഫിറ്റ്നസ് ചലഞ്ചിന് വെല്ലുവിളിച്ചിട്ടുണ്ട്.

മോദിയുടെ വെല്ലുവിളിക്ക് എച്ച്.ഡി.കുമാരസ്വാമി ട്വിറ്ററിലൂടെ ഉടനടി മറുപടിയും നൽകിയിട്ടുണ്ട്. ”എന്റെ ആരോഗ്യത്തിലും ഫിറ്റ്നസിലും താങ്കൾക്ക് ഉത്കണ്‌ഠയുണ്ടെന്ന് അറിഞ്ഞതിൽ നന്ദിയുണ്ട്. എന്റെ ദിവസേനയുളള വ്യായാമ മുറയുടെ ഭാഗമായി യോഗ ചെയ്യാറുണ്ട്. എന്നെക്കാളും എന്റെ സംസ്ഥാനത്തിന്റെ ഫിറ്റ്നസിലാണ് എനിക്ക് കൂടുതൽ ആശങ്ക. അതു പരിഹരിക്കാൻ വേണ്ട പിന്തുണ താങ്കളിൽനിന്നും പ്രതീക്ഷിക്കുന്നു,” കുമാരസ്വാമി ട്വീറ്റ് ചെയ്‌തു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Pm narendra modi fitness challenge hd kumaraswamy manika batra

Next Story
അതിര്‍ത്തയില്‍ പാക് പ്രകോപനം: വെടിവയ്‌പില്‍ നാല് ബിഎസ്എഫ് ജവാന്മാര്‍ക്ക് വീരമൃത്യു
The moderation of comments is automated and not cleared manually by malayalam.indianexpress.com