ന്യൂഡൽഹി: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം തുടരുമ്പോഴും വിവാദ നിയമങ്ങളെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രംഗത്ത്. കാർഷിക നിയമങ്ങൾ ഒറ്റരാത്രി കൊണ്ട് രാജ്യത്ത് കൊണ്ടുവന്നതല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.

“ഒറ്റരാത്രികൊണ്ട് ഇവിടെ കൊണ്ടുവന്നതല്ല ഈ കാർഷിക നിയമങ്ങൾ. വിവിധ രാഷ്‌ട്രീയ പാർട്ടികൾ, വിദഗ്‌ധർ, ഉയർന്ന ചിന്താഗതിയുള്ള കർഷകർ എന്നിവരുടെ ആവശ്യാനുസരണം നടപ്പിലാക്കിയ ഭേദഗതികളാണ് ഇതെല്ലാം. കഴിഞ്ഞ കുറേ വർഷങ്ങളായി ഇവരുടെ ആവശ്യങ്ങളായിരുന്നു ഇതെല്ലാം. മുൻ സർക്കാരുകൾ കർഷകർക്ക് ഏറെ വാഗ്‌ദാനങ്ങൾ നൽകിയിരുന്നു. എന്നാൽ, അതാെന്നും അവർ നടപ്പിലാക്കിയില്ല. തങ്ങൾ ആലോചിക്കുകയും ചർച്ച ചെയ്യുകയും ചെയ്ത കാര്യങ്ങളെല്ലാം മോദി നടപ്പിലാക്കിയല്ലോ എന്നത് മാത്രമാണ് അവരുടെ നിരാശ. കാർഷിക നിയമ ഭേദഗതിയിൽ അവർക്ക് പ്രശ്നങ്ങളൊന്നുമില്ല, മറിച്ച് അവരുടെ പ്രശ്നം മോദിയാണ്,” മധ്യപ്രദേശിലെ കർഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു.

കർഷകരെ തങ്ങളുടെ വോട്ട് ബാങ്കായി മാത്രമാണ് പ്രതിപക്ഷം എപ്പോഴും ഉപയോഗിക്കുന്നതെന്ന് മോദി വിമർശിച്ചു. തങ്ങളുടെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോകളിൽ കാർഷിക നിയമങ്ങളെ കുറിച്ച് പ്രതിപക്ഷ പാർട്ടികൾ പറഞ്ഞിരിക്കുന്നത് ജനങ്ങൾ ചോദ്യം ചെയ്യണമെന്നും പ്രധാനമന്ത്രി. കർഷകരുടെ താൽപര്യങ്ങൾ പരിഗണിച്ചാണ് തന്റെ സർക്കാർ സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കിയതെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

അതേസമയം, സമരം ചെയ്യുന്ന കർഷകരുമായി ചർച്ച നടത്തുന്നതിന് സൗകര്യമൊരുക്കാൻ കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് തൽക്കാലം മാറ്റിവയ്ക്കാമെന്ന് ഉറപ്പുനൽകുമോയെന്ന് കേന്ദ്ര സർക്കാരിനോടു സുപ്രീം കോടതി ഇന്നലെ ചോദിച്ചിരുന്നു. സർക്കാരിനോടു ചോദിച്ച് മറുപടി നൽകാമെന്ന് അറ്റോർണി ജനറൽ(എജി) കെ.കെ.വേണുഗോപാൽ മറുപടി നൽകിയത്.Read Also:

‘ജയ് ശ്രീറാം’ ബാനറിന് മറുപടി; ദേശീയ പതാക ഉയർത്തി ഡിവൈഎഫ്‌ഐ പ്രതിഷേധം, വീഡിയോ

കർഷകർക്ക് പ്രതിഷേധിക്കാനും സമരം ചെയ്യാനും അവകാശമുണ്ടെന്ന് സുപ്രീം കോടതി ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ മറ്റുള്ളവരുടെ മൗലികാവകാശങ്ങൾ ലംഘിച്ചുകൊണ്ടായിരിക്കരുത് സമരങ്ങളെന്നും സുപ്രീം കോടതി ഓർമപ്പെടുത്തി. എങ്ങനെ സമരരീതി മാറ്റാനാവുമെന്ന് കര്‍ഷകസംഘടനകള്‍ പറയണം. ലക്ഷ്യം നേരിടാന്‍ ചര്‍ച്ചകളിലൂടെ മാത്രമേ കഴിയൂയെന്നും കോടതി ചൂണ്ടിക്കാട്ടി. രാജ്യതലസ്ഥാനത്ത് നടക്കുന്ന കർഷക സമരങ്ങളുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. പുതിയ കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് തൽക്കാലം നിർത്തിവച്ചുകൂടെയന്ന് കോടതി കേന്ദ്രസർക്കാരിനോട് ചോദിച്ചു.

ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അധ്യക്ഷനായ ബഞ്ചാണ് കേസിൽ വാദം കേട്ടത്. “നമ്മൾ എല്ലാവരും ഇന്ത്യാക്കാരാണ്. കർഷകരുടെ ബുദ്ധിമുട്ടുകളെക്കുറിച്ച് ഞങ്ങൾ മനസിലാക്കുന്നു. അവരുടെ അവസ്ഥയിൽ അനുകമ്പയുണ്ട്. കാലാകാലങ്ങളോളം നിങ്ങൾക്ക് ഈ സമരം തുടരാൻ സാധിക്കില്ല,” ചീഫ് ജസ്റ്റിസ് പറഞ്ഞു.

“പ്രതിഷേധിക്കുന്നവരുടെയും സമരം ചെയ്യുന്നവരുടെയും എണ്ണം ക്രമീകരിക്കാൻ ഞങ്ങൾക്ക് പറയാൻ സാധിക്കില്ല. നിയന്ത്രണ ചുമതല പൊലീസിനു നൽകുന്നു, ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കോ സർക്കാരിനോ അല്ല,” ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ പറഞ്ഞു. കർഷകരുടെ ആവശ്യങ്ങൾ യുക്തിസഹമല്ലെന്ന് തങ്ങൾക്ക് പറയാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook