ന്യൂഡൽഹി: വ്യാജവാർത്ത സൃഷ്ടിക്കുന്ന മാധ്യമപ്രവർത്തകരുടെ അക്രഡിറ്റേഷൻ റദ്ദാക്കാനുളള നീക്കത്തിൽനിന്നും കേന്ദ്രസർക്കാർ പിന്മാറി. പ്രധാനമന്ത്രി ഇടപെട്ടതിനെ തുടർന്നാണ് പുതിയ വ്യവസ്ഥ റദ്ദാക്കിയത്. മാധ്യമനിയന്ത്രണം ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിഷയത്തിൽ തീരുമാനം പ്രസ് കൗൺസിൽ എടുക്കട്ടെയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയത്.

മാധ്യമ പ്രവര്‍ത്തകരുടെ അക്രിഡിറ്റേഷന്‍ സംബന്ധിച്ച നിയമം ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ഭേദഗതി ചെയ്തിരുന്നു. പുതിയ ഭേദഗതി പ്രകാരം വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ചിട്ടുള്ള മാധ്യമ പ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കുകയോ പിഴ ഈടാക്കുകയോ ചെയ്യും. വാര്‍ത്ത വ്യാജമാണെന്ന് ചൂണ്ടിക്കാണിച്ച് പരാതി നല്‍കിയാല്‍ ആ വാര്‍ത്ത നല്‍കിയ മാധ്യമ പ്രവര്‍ത്തകന്റെ അക്രഡിറ്റേഷന്‍, വാര്‍ത്ത വ്യാജമാണോ അല്ലയോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം വരുന്നതുവരെ സസ്‌പെൻഡ് ചെയ്യും.

പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയും ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനുമായിരിക്കും വാര്‍ത്ത വ്യാജമാണോ എന്ന കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുക. പരാതി ലഭിച്ചാല്‍ 15 ദിവസത്തിനുള്ളില്‍ അന്തിമ തീരുമാനം അറിയിക്കണം. വ്യാജ വാര്‍ത്തകള്‍ക്കെതിരെ പരാതികള്‍ കൂടുന്ന സാഹചര്യത്തിലാണ് പുതിയ നീക്കമെന്നാണ് മന്ത്രാലയം നല്‍കുന്ന വിശദീകരണം.

വ്യാജ വാര്‍ത്ത ആരോപണം തെളിയിക്കപ്പെട്ടാല്‍ മാധ്യമ പ്രവര്‍ത്തകന്റെ അക്രഡിറ്റേഷന്‍, ആദ്യത്തെ തവണ, ആറ് മാസത്തേക്കും രണ്ടാമത്തെ തവണയാണെങ്കില്‍ ഒരു വര്‍ഷത്തേക്കും മൂന്നാം തവണയാണെങ്കില്‍ എന്നന്നേക്കുമായും റദ്ദാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. അക്രഡിറ്റേഷന്‍ അപേക്ഷകള്‍ പരിഗണിക്കുമ്പോള്‍ പിസിഐയുടേയും എന്‍ബിഎയുടേയും ജേര്‍ണലിസ്റ്റിക് കണ്ടക്ടും കോഡ് ഓഫ് എത്തിക്‌സ് ആന്റ് ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡും പാലിക്കുന്നുണ്ടോ എന്നതും പരിശോധിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook