ന്യൂഡൽഹി: പാക് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ കാത്തിരിക്കുന്ന ഇമ്രാന്‍ ഖാന് അഭിനന്ദനവുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക്കിസ്ഥാൻ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ പാക്കിസ്ഥാൻ തെഹ്‌രീക് ഇ ഇൻസാഫിന്റെ (പിടിഐ) അധ്യക്ഷൻ ഇമ്രാൻ ഖാനെ ഫോണില്‍ വിളിച്ചാണ് മോദി അഭിനന്ദിച്ചത്.

ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ പാക്കിസ്ഥാനിൽ ജനാധിപത്യത്തിന്റെ വേരുകൾ ഉറയ്ക്കുമെന്നാണു പ്രതീക്ഷയെന്നും അയൽരാജ്യത്തെ സമാധാനവും വികസനവുമാണ് തന്റെ ദർശനമെന്നും നരേന്ദ്ര മോദി പറ​ഞ്ഞു. നേരത്തെ, ഇമ്രാൻ ഖാൻ പാക്കിസ്ഥാൻ പ്രധാനമന്ത്രിയായാൽ അതിർത്തിയിൽ സമാധാനം പ്രതീക്ഷിക്കേണ്ടതില്ലെന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ.സിങ് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ അഭിനന്ദനം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനത്തിന് നന്ദിയെന്നും ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന എല്ലാ സംഘര്‍ഷങ്ങളും സമാധാനപരമായ ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്നും ഇമ്രാന്‍ ഖാന്‍ മറുപടി നല്‍കി. രാജ്യത്ത് വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളും യുദ്ധങ്ങളും ജനജീവിതം ദുരിതപൂര്‍ണ്ണമാക്കാനേ സഹായിക്കൂ. അതിനാല്‍ അവയെ ഇല്ലാതാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

നേരത്തെ തിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ ഇന്ത്യയുമായുള്ള പ്രശ്നങ്ങളിൽ ചർച്ച നടത്താൻ തയാറാണെന്ന് ഇമ്രാൻ ഖാൻ പ്രഖ്യാപിച്ചിരുന്നു. ജമ്മു കശ്മീർ വിഷയമുള്‍പ്പെടെ എല്ലാ തർക്കങ്ങളും പരിഹരിക്കണമെന്നാണു പുതിയ സർക്കാരിന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇന്ത്യ ഇതിനു വേണ്ടി ഒരു ചുവടു വച്ചാൽ, ഞങ്ങൾ രണ്ടു ചുവടു വയ്ക്കാൻ തയ്യാറാണെന്നും മുന്‍ പാക് ക്രിക്കറ്റ് ടീം നായകന്‍ കൂടിയായ ഇമ്രാന്‍ പറഞ്ഞിരുന്നു. പിന്നാലെ പാക്കിസ്ഥാനിൽ നിന്ന് സമാധാനം ആഗ്രഹിക്കുന്നുവെന്ന് ഇന്ത്യയും നിലപാടറിയിച്ചു.

നേരത്തേ പാക്കിസ്ഥാന്റെ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ ഓഗസ്റ്റ് 11ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് റേഡിയോ പാക്കിസ്ഥാന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്റെ ദി പാക്കിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് 116 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി വിജയിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook