ന്യൂഡല്‍ഹി: ബിബിസി ഡോക്യുമെന്ററി ആഗോള തലത്തില്‍ തന്നെ മോദി സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പിക്കുമെന്ന വിലയിരുത്തലില്‍ ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യന്‍’ എന്ന ബിബിസി ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്രം യുട്യൂബിനോടും ട്വിറ്ററിനോടും ഉത്തരവിട്ടതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
ഡോക്യുമെന്ററിയുടെ ആദ്യ എപ്പിസോഡ് പ്രസിദ്ധീകരിച്ച ഒന്നിലധികം വീഡിയോകള്‍ ബ്ലോക്ക് ചെയ്യാന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം യൂട്യൂബിന് നിര്‍ദ്ദേശം നല്‍കിയതായും റിപോര്‍ട്ട് പറയുന്നു. ഡോക്യുമെന്ററിയുടെ യൂട്യൂബ് വീഡിയോകളുടെ ലിങ്കുകള്‍ അടങ്ങിയ 50-ലധികം ട്വീറ്റുകള്‍ തടയാന്‍ ട്വിറ്ററിനോടും ഉത്തരവിട്ടുണ്ട്.
വീഡിയോകളും ട്വീറ്റുകളും തടയാന്‍ ഐടി റൂള്‍സ്, 2021 പ്രകാരമുള്ള അടിയന്തര അധികാരങ്ങള്‍ മന്ത്രാലയം ഉപയോഗിച്ചതായാണ് റിപ്പോര്‍ട്ട്. യൂട്യൂബും ട്വിറ്ററും നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ഐ ആന്‍ഡ് ബി തുടങ്ങി ഒന്നിലധികം മന്ത്രാലയങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഡോക്യുമെന്ററി പരിശോധിച്ച് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്ന് കണ്ടെത്തി.
ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന്റെ വിശ്വാസ്യത, വിവിധ സമുദായങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുക, ഇന്ത്യയിലെ വിദേശ ഗവണ്‍മെന്റുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുക, തുടങ്ങി ഡോക്യമെന്ററി ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും തുരങ്കം വയ്ക്കുന്നതായും വിദേശ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദ ബന്ധത്തെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ളതായും’ കണ്ടെത്തി, ഇത് ഐടി നിയമങ്ങള്‍, 2021 പ്രകാരം അടിയന്തര അധികാരങ്ങള്‍ പ്രയോഗിക്കാന്‍ കേന്ദ്രത്തെ അനുവദിക്കുന്നതാണ്.
ഡോക്യൂമെന്ററി ബിബിസി ഇന്ത്യയില്‍ ലഭ്യമാക്കിയിട്ടില്ലെങ്കിലും നിരവധി യൂട്യൂബ് ചാനലുകള്‍ ഇത് അപ്ലോഡ് ചെയ്തിരുന്നു. യുട്യൂബിന്റെ പ്ലാറ്റ്ഫോമില്‍ അപ്ലോഡ് ചെയ്താല്‍ ഇത്തരം വീഡിയോകള്‍ ബ്ലോക്ക് ചെയ്യാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. മറ്റ് പ്ലാറ്റ്ഫോമുകളിലെ വീഡിയോയുടെ ലിങ്കുകള്‍ അടങ്ങിയ ട്വീറ്റുകള്‍ കണ്ടെത്തി ബ്ലോക്ക് ചെയ്യാനും ട്വിറ്ററിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.