scorecardresearch
Latest News

നരേന്ദ്ര മോദി ഇന്ന് തിരിച്ചെത്തും; ഗംഭീര സ്വീകരണമൊരുക്കാന്‍ ബിജെപി

ഐക്യരാഷ്ട്രസഭയില്‍ ഭീകരവാദത്തിനെതിരെ അതിശക്തമായി സംസാരിച്ച പ്രധാനമന്ത്രിക്ക് ഗംഭീര വരവേല്‍പ്പ് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ബിജെപി

നരേന്ദ്ര മോദി ഇന്ന് തിരിച്ചെത്തും; ഗംഭീര സ്വീകരണമൊരുക്കാന്‍ ബിജെപി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരിച്ചെത്തും. യുഎസ് സന്ദര്‍ശനത്തിനു ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്ന പ്രധാനമന്ത്രിക്ക് ഗംഭീര സ്വീകരണമാണ് ബിജെപി ഒരുക്കുന്നത്. ഡല്‍ഹി വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കും. ഐക്യരാഷ്ട്രസഭയില്‍ ഭീകരവാദത്തിനെതിരെ അതിശക്തമായി സംസാരിച്ച പ്രധാനമന്ത്രിക്ക് ഗംഭീര വരവേല്‍പ്പ് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ബിജെപി നേതൃത്വം അറിയിച്ചു.

ഡല്‍ഹിയിലെ ബിജെപി നേതൃത്വമാണ് നരേന്ദ്ര മോദിക്ക് സ്വീകരണമൊരുക്കുന്നത്. നേതാക്കളും പ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് നരേന്ദ്ര മോദിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തുക. പ്രധാനമന്ത്രിക്കായി റെഡ് കാര്‍പറ്റ് ഒരുക്കും. 50,000 ത്തോളം പേര്‍ വിമാനത്താവളത്തില്‍ നരേന്ദ്ര മോദിയെ സ്വീകരിക്കാന്‍ എത്തുമെന്നാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്.

Read Also: Horoscope Today September 28, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ഹൂസ്റ്റണിലെ ഹൗദി മോദി പാരിപാടിയില്‍ പങ്കെടുത്ത അത്രയും ആളുകള്‍ ഡല്‍ഹിയില്‍ നരേന്ദ്ര മോദിയെ സ്വീകരിക്കാന്‍ എത്തുമെന്ന് നേതാക്കള്‍ പറയുന്നു. യുഎസില്‍ പോയ നരേന്ദ്ര മോദി ഇന്ത്യയ്ക്ക് അഭിമാന നിമിഷങ്ങളാണ് സമ്മാനിച്ചതെന്നും അതിനാലാണ് തിരിച്ചുവരവ് ഗംഭീര ആഘോഷമാക്കുന്നതെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വേദിയിലിരുത്തി ഭീകരവാദത്തിനെതിരെ നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തെയും ബിജെപി നേതാക്കള്‍ വാഴ്ത്തി. പാട്ടും ഡാന്‍സുമൊക്കെ ആയി നിരവധി പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

ഐക്യരാഷ്ട്രസഭയുടെ 74-ാമത് പൊതുസഭയെയാണ് നരേന്ദ്ര മോദി കഴിഞ്ഞ ദിവസം അഭിസംബോധന ചെയ്തത്. ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ രണ്ടാമതും തന്നെ തിരഞ്ഞെടുത്തിരിക്കുന്നത് രാജ്യത്തെ സേവിക്കാനാണെന്നും നരേന്ദ്ര മോദി പറഞ്ഞു. ഭീകരവാദത്തിനെതിരെ ശക്തമായ വിമര്‍ശനമാണ് നരേന്ദ്ര മോദി ഉയര്‍ത്തിയത്. ഇന്ത്യയ്ക്ക് മാത്രമല്ല, ലോകം മുഴുവനുമുള്ള മനുഷ്യരാശിക്ക് ഭീകരവാദം വലിയ വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. ലോക രാജ്യങ്ങളെല്ലാം ഭീകരവാദത്തിനെതിരെ ശക്തമായി നിലപാടെടുക്കണമെന്നും നരേന്ദ്ര മോദി പറഞ്ഞു. കശ്മീർ വിഷയത്തെ കുറിച്ച് മോദി ഒന്നും സംസാരിച്ചില്ല.

Read Also: പാവങ്ങള്‍ക്കായി രണ്ട് കോടി വീടുകള്‍ നിര്‍മ്മിക്കും: നരേന്ദ്ര മോദി

ഒരിക്കല്‍ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് പൂര്‍ണ്ണമായി ഒഴിവാക്കുകയാണ് ഇന്ത്യയെന്ന് നരേന്ദ്ര മോദി പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 1,25,000 കിലോമീറ്റര്‍ റോഡ് ഇന്ത്യയില്‍ നിര്‍മ്മിക്കും. സാമൂഹ്യപ്രതിബദ്ധതയാണ് ഇന്ത്യയുടെ സംസ്‌കാരമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആഗോള താപനത്തിനു കാരണമാകുന്ന കാര്യങ്ങള്‍ ഏറ്റവും ചെറിയ തോതില്‍ മാത്രം ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. വര്‍ഷങ്ങളോളം പഴക്കമുള്ള പാരമ്പര്യമാണ് ഇന്ത്യയുടേതെന്നും അദ്ദേഹം പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Pm narendra modi arrives in capital today after us visit