ന്യൂഡൽഹി: കോവിഡ്-19 വൈറസ് വ്യാപനത്തെ ചെറുക്കാൻ രാജ്യത്ത് നടപ്പിലാക്കിയ 21 ദിവസത്തെ ലോക്ക്ഡൗണ്‍ നീട്ടി. മേയ് മൂന്ന് വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്.  ഇന്നു രാവിലെ പത്തിനു രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുമ്പോൾ ആണ് പ്രധാനമന്ത്രി ലോക്ക്ഡൗണ്‍ നീട്ടിയതായി പ്രഖ്യാപിച്ചത്. ഏപ്രിൽ 20 വരെ രാജ്യത്ത് കർശന നിയന്ത്രണങ്ങൾ തുടരുമെന്നും അതിനുശേഷം സ്ഥിതിഗതികൾ വിലയിരുത്തി ഇളവുകൾ കൊണ്ടുവരാമെന്നും പ്രധാനമന്ത്രി പറഞ്ഞു. 19 ദിവസത്തേക്ക് കൂടിയാണ് ലോക്ക്ഡൗണ്‍ ഇപ്പോൾ നീട്ടിയിരിക്കുന്നത്. സാമൂഹിക അകലം പാലിക്കൽ മാത്രമാണ് കോവിഡിനെ നേരിടാനുള്ള പ്രതിവിധിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.

 

Read Also: Horoscope Today April 14, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

അതേസമയം, രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്. മഹാരാഷ്ട്രയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2334 ആയി. മുംബെെയിൽ മാത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 100 ആയി. സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുകയാണ്. മുംബെെയിൽ മാത്രം ഇതുവരെ 1549 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് കഴിഞ്ഞ രണ്ട് ആഴ്‌ചയായി 25 ജില്ലകളിൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 15 സംസ്ഥാനങ്ങളിലെ 25 ജില്ലകളിലാണ് കഴിഞ്ഞ രണ്ട് ആഴ്‌ചയായി പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യാത്തത്.

രാജ്യത്ത് കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 10,000 കടന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 10,363 ആയി. 339 പേർ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് ഇപ്പോൾ ചികിത്സയിലുള്ള 8,988 പേരാണ്. 1035 പേർക്ക് രോഗം ഭേദപ്പെട്ടു. രാജ്യത്ത് അതീവ ജാഗ്രത തുടരുകയാണ്. ലോകത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ലോകത്ത് കൊറോണ ബാധിരായവരുടെ എണ്ണം 19.18ലക്ഷം ആണ്. മരണ സംഖ്യ 1,19,483 ആയി. നിലവില്‍ അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചത്. അമേരിക്കയിൽ മാത്രം ആറ് ലക്ഷം പേർക്ക് രോഗം സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് 23,000 പേർക്ക് അമേരിക്കയിൽ ജീവൻ നഷ്ടപ്പെട്ടു.

Read Also: കോവിഡ്-19: സൗജന്യ ഭക്ഷണ വിതരണവുമായി ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനികൾ; ക്രൗഡ് ഫണ്ടിങ് വഴി സംഭാവന നൽകാം

തമിഴ്‌നാട്ടിലും സ്ഥിതി അതീവ ഗുരുതരമാണ്. ഇതുവരെ 1,173 പേർക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു. ചെന്നെെയിലെ കോവിഡ് ബാധിതരുടെ എണ്ണം 200 കടന്നു. 17 ജില്ലകളെ റെഡ് സോണായി കണക്കാക്കി. ഇവിടെ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാകും. സംസ്ഥാനത്ത് സമ്പൂർണ അടച്ചുപൂട്ടൽ ഏപ്രിൽ 30 വരെ തുടരാൻ ധാരണയായിട്ടുണ്ട്. മാർച്ച് 25 നാണ് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് 21 ദിവസത്തെ ലോക്ക്ഡൗൺ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.

Read in English Here