ബെംഗളൂരു: രാജ്യത്തെ ശാസ്ത്രജ്ഞൻമാരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ അഭിനന്ദനം അവർ അർഹിക്കുന്നു എന്നും നരേന്ദ്ര മോദി പറഞ്ഞു. ചന്ദ്രയാൻ-2 ദൗത്യത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൗത്യം വിജയം കാണാത്തതിൽ വിഷമിക്കരുതെന്നും കൂടുതൽ ഊര്‍ജ്ജസ്വലതയോടെ പ്രവർത്തിക്കാൻ സാധിക്കട്ടെ എന്നും നരേന്ദ്ര മോദി പറഞ്ഞു.

രാജ്യത്തിനായി ജീവിതം ഉഴിഞ്ഞുവച്ചവരാണ് ശാസ്ത്രജ്ഞർ. തടസ്സങ്ങളിൽ നിരാശരാകരുത്. ആത്മവിശ്വാസം തകരരുത്. കരുത്തോടെ മുന്നോട്ടുപോകാൻ സാധിക്കണം. ചന്ദ്രയാൻ ദൗത്യം പരാജയപ്പെട്ടതിൽ തളരരുത്. കൂടുതൽ മികച്ച അവസരങ്ങൾ കാത്തിരിക്കുന്നു എന്നും നരേന്ദ്ര മോദി ശാസ്ത്രജ്ഞൻമാരോട് പറഞ്ഞു.

“കഴിഞ്ഞ കുറേ മണിക്കൂറുകളായി രാജ്യത്തെ ശാസ്ത്രജ്ഞര്‍ കടന്നുപോയ നിമിഷങ്ങള്‍ എത്രത്തോളമാണെന്ന് അറിയാം. നമ്മുടെ ബഹിരാകാശ പദ്ധതികളെ കുറിച്ച് നമുക്ക് അഭിമാനിക്കാം. നമ്മള്‍ കുതിച്ചുയരും. വിജയത്തിന്റെ പുതിയ ഉയരങ്ങളിലെത്തും. രാജ്യം മുഴുവന്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. രാജ്യത്തിന് അതുല്യമായ സംഭാവനകള്‍ നല്‍കിയവരാണ് നിങ്ങള്‍.” ശസ്ത്രജ്ഞൻമാരെ പുകഴ്ത്തി നരേന്ദ്ര മോദി പറഞ്ഞു.

പരാജയങ്ങളിൽ നിന്ന് തിരിച്ചുകയറി കൂടുതൽ ശക്തമായി മുന്നോട്ടുപോയവരാണ് നമ്മൾ. നമ്മുടെ യാത്രയെ പിന്നോട്ടുവലിക്കുന്ന കുറേ സംഭവങ്ങൾ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്. പക്ഷേ, അവിടെ നിന്നെല്ലാം തിരിച്ചെത്തി നമ്മൾ കൂടുതൽ ഉയരങ്ങളിലേക്ക് കയറിയെന്നും നരേന്ദ്ര മോദി പറഞ്ഞു.

Read Also: എലൈറ്റ് ക്ലബില്‍ കയറാന്‍ ഇന്ത്യ ഇനിയും കാത്തിരിക്കണമെന്ന് ന്യൂയോര്‍ക്ക് ടൈംസ്

നമ്മൾ ഒരുപാട് പരിശ്രമിച്ചു. ഒരുപാട് ദൂരം സഞ്ചരിച്ചു. ആത്മാർഥമായി എല്ലാവരും ചരിത്ര നേട്ടത്തിനായി ഒരുങ്ങി. ഇതെല്ലാം എപ്പോഴും നമുക്കൊപ്പം ഉണ്ടാകും. ഇത്തരം അനുഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് കൂടുതൽ കരുത്തോടെ മുന്നേറാൻ നമുക്ക് സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ശാസ്ത്രത്തിൽ തോൽവികളില്ല. അനുഭവങ്ങളും പരിശ്രമങ്ങളുമാണ് ഉള്ളത്. ശോഭനമായ ഒരു നാളെ വേഗം വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ശാസ്ത്രജ്ഞർക്കൊപ്പം രാജ്യം എന്നും ഉണ്ടാകും എന്ന കാര്യം ആവർത്തിക്കുകയാണെന്നും പുതിയ ഉയരങ്ങൾ സ്വന്തമാക്കാൻ സാധിക്കുമെന്നും പ്രധാനമന്ത്രി പ്രസംഗത്തിൽ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook