ചെന്നൈ: അമേരിക്കയില്‍ പോയപ്പോള്‍ താന്‍ തമിഴില്‍ സംസാരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മദ്രാസ് ഐഐടിയിലെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ ചെന്നൈയിലെത്തിയപ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. വണക്കം എന്ന് പറഞ്ഞാണ് നരേന്ദ്ര മോദി പ്രസംഗം ആരംഭിച്ചത്.

“അമേരിക്കയില്‍ പോയപ്പോള്‍ തമിഴില്‍ സംസാരിച്ചു. യുഎസില്‍ ഞാന്‍ തമിഴില്‍ സംസാരിക്കുകയും തമിഴ് ഭാഷയുടെ പാരമ്പര്യത്തെ കുറിച്ച് വാചാലനാകുകയും ചെയ്തു. യുഎസില്‍ അതിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.” നരേന്ദ്ര മോദി പറഞ്ഞു.

പ്രധാനമന്ത്രിയായി രണ്ടാമതും അധികാരമേറ്റ ശേഷം ആദ്യമായാണ് താന്‍ തമിഴ്‌നാട്ടിലെത്തുന്നതെന്ന് മോദി പറഞ്ഞു. തനിക്ക് ലഭിച്ച സ്വീകരണത്തില്‍ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. “ലോക രാജ്യങ്ങള്‍ക്ക് ഇന്ത്യയെ കുറിച്ച് വലിയ പ്രതീക്ഷയുണ്ടെന്ന് യുഎസ് സന്ദര്‍ശന വേളയില്‍ എനിക്ക് മനസിലായി. നാം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. നമ്മള്‍ ഇന്ത്യയെ മഹത്തായ ഒരു രാജ്യമാക്കും” നരേന്ദ്ര മോദി പറഞ്ഞു.

Read Also: ബിജെപി നിലപാടുമായി ചേര്‍ന്നുനിന്ന് യുഡിഎഫിനായി പ്രവര്‍ത്തിക്കാനാവുമോ?; തരൂരിനെതിരെ കോടിയേരി

ഐഐടിയിലെ പരിപാടിക്ക് ചെന്നൈയില്‍ എത്തിയ നരേന്ദ്ര മോദി വിമാനത്താവളത്തില്‍ തടിച്ചുകൂടിയ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. സുരക്ഷാപ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് മോദി ചെന്നൈയിലേക്ക് വിമാനത്തിലെത്തിയത്.

“ജനങ്ങളുടെ ഉന്മേഷത്തിനും കഠിനാധ്വാനത്തിനും ഞാന്‍ നന്ദി പറയുന്നു. എനിക്ക് ക്ഷീണം തോന്നുന്നില്ല. ചെന്നൈയുടെ പ്രത്യേക പ്രാതല്‍ വിഭവങ്ങളായ ഇഡ്ഡലി, ദോശ, സാമ്പാര്‍, വട എന്നിവ കൂടുതല്‍ സംതൃപ്തി നല്‍കുന്നു. ചെന്നൈ നല്‍കുന്ന സ്വീകരണം അസാധാരണവും ഊഷ്മളവുമാണ്.” നരേന്ദ്ര മോദി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook