ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യൽ മീഡിയ ഉപേക്ഷിക്കാനൊരുങ്ങുന്നു. ഫെയ്സ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, യൂട്യൂബ് എന്നീ സമൂഹമാധ്യമങ്ങൾ ഒഴിവാക്കുന്ന കാര്യം ആലോചിക്കുന്നതായി പ്രധാനമന്ത്രി തന്നെയാണ് അറിയിച്ചത്. ഇക്കാര്യത്തിൽ ഞായറാഴ്ച അന്തിമ തീരുമാനത്തിലെത്തുമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

സമൂഹമാധ്യമങ്ങൾ വളരെ സജീവമായി ഉപയോഗിക്കുന്ന ലോക നേതാക്കളിലൊരാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുപ്രധാനമായ പല പ്രഖ്യാപനങ്ങളും തീരുമാനങ്ങളും തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ജനങ്ങളിലേക്കെത്തിച്ച പ്രധാനമന്ത്രിയുടെ പുതിയ തീരുമാനത്തിന് പല വ്യാഖ്യാനങ്ങളും സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഉയർന്ന് വരുന്നുണ്ട്.

ട്വിറ്ററിൽ മാത്രം അഞ്ച് കോടിയിലധികം ഫോളോവേഴ്സുള്ള ട്വിറ്റർ ഹാൻഡിലാണ് നരേന്ദ്ര മോദിയുടേത്. ഫെയ്സ്ബുക്കിൽ നരേന്ദ്ര മോദിയെന്ന പേജ് ലൈക്ക് ചെയ്തിരിക്കുന്നത് നാല് കോടിയിലധികം ആളുകളാണ്. ഇൻസ്റ്റഗ്രാമിൽ പ്രധാനമന്ത്രിയെ പിന്തുടരുന്നവരുടെ എണ്ണം മൂന്ന് കോടിയിലധികം വരും.

പ്രതിപക്ഷത്തിനെ കടന്നാക്രമിക്കാനും രാജ്യത്തുണ്ടായ പല വിവാദങ്ങളിലും വിശദീകരണം നൽകാനും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം മികച്ച രീതിയിൽ ഉപയോഗിച്ച നേതാവാണ് മോദി. യോഗ ചലഞ്ച് ഉൾപ്പടെ വിവിധ ക്യാമ്പയിനുകൾക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചത് സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു.

പലപ്പോഴും മോദിയുടെ സോഷ്യൽ മീഡിയ ഉപയോഗം അദ്ദേഹത്തിന് തന്നെ തിരിച്ചടിയായിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ പട്ടികയ്ക്കെതിരെയും പ്രതിഷേധിച്ച് വടക്കു കിഴക്കൻ ഇന്ത്യയിൽ കലാപം ആരംഭിച്ചപ്പോൾ ഇന്രർനെറ്റ് സേവനം റദ്ദാക്കിയ ശേഷം ട്വിറ്ററിലൂടെ ജനങ്ങളോട് സംയമനം പാലിക്കണമെന്ന പ്രധാനമന്ത്രിയുടെ നിർദേശം ട്രോളന്മാർ ആഘോഷമാക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook