scorecardresearch
Latest News

റിപബ്ലിക് ദിനത്തിൽ ദേശീയ പതാകയെ അപമാനിച്ചു; വേദനിച്ചത് ഇന്ത്യയ്‌ക്കെന്ന് മോദി

ചെങ്കോട്ടയിലെ സംഘര്‍ഷങ്ങള്‍ വേദനിപ്പിച്ചെന്നും നടക്കാന്‍ പാടില്ലാത്ത സംഭവങ്ങളാണ് ഉണ്ടായതെന്നും ദേശീയ പതാകയെ അപമാനിച്ചത് രാജ്യത്തെ ഞെട്ടിച്ചെന്നും മോദി പറഞ്ഞു

റിപബ്ലിക് ദിനത്തിൽ ദേശീയ പതാകയെ അപമാനിച്ചു; വേദനിച്ചത് ഇന്ത്യയ്‌ക്കെന്ന് മോദി

ന്യൂഡല്‍ഹി: റിപബ്ലിക്ക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന സംഭവങ്ങള്‍ വേദനിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ പതാകയെ അപമാനിച്ചതു വഴി ഇന്ത്യയെ വേദനിപ്പിക്കുകയാണ് ചെയ്തതെന്നും പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ മോദി പറഞ്ഞു.

“പുതിയ പ്രതീക്ഷയോടും പുതുമയോടും കൂടി നാം വരാനിരിക്കുന്ന സമയം ചെലവഴിക്കണം. കഴിഞ്ഞ വർഷം, നാം കാണിച്ച ക്ഷമയും ധൈര്യവും മാതൃകാപരമായിരുന്നു. ഈ വർഷവും തീരുമാനങ്ങൾ നടപ്പിലാക്കാൻ നാം കഠിനമായി പരിശ്രമിക്കണം. നമ്മുടെ രാജ്യത്തെ വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകണം,” പ്രധാനമന്ത്രി മോദി തന്റെ‘ മൻ കി ബാത്ത് ’പ്രസംഗത്തിൽ പറഞ്ഞു.

ചെങ്കോട്ടയിലെ സംഘര്‍ഷങ്ങള്‍ വേദനിപ്പിച്ചെന്നും നടക്കാന്‍ പാടില്ലാത്ത സംഭവങ്ങളാണ് ഉണ്ടായതെന്നും ദേശീയ പതാകയെ അപമാനിച്ചത് രാജ്യത്തെ ഞെട്ടിച്ചെന്നും മോദി പറഞ്ഞു. എന്നാൽ മോദി കര്‍ഷക സമരം പരിഹരിക്കുന്നതിനെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തിയില്ല.

Read More: ചെങ്കോട്ട മാർച്ചിൽ തിരിച്ചറിഞ്ഞ അഞ്ചുപേർക്ക് ക്രിമിനൽ പശ്ചാത്തലം: അന്വേഷണ റിപ്പോർട്ട്

എന്നാൽ കര്‍ഷകര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസം സര്‍വ്വകക്ഷിയോഗത്തില്‍മോദി പറഞ്ഞത്. കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ഒരു ഫോണ്‍ കോളിനപ്പുറം ഇപ്പോഴുമുണ്ടെന്നും കര്‍ഷകരോട് അദ്ദേഹം തന്നെ ഇക്കാര്യം അറിയിച്ചതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോവിഡ് പ്രതിസന്ധിയുടെ കാലത്ത് ഇന്ത്യ മറ്റ് രാജ്യങ്ങളെ സഹായിച്ചെന്നും വാക്‌സിന്റെ കാര്യത്തില്‍ ഇന്ത്യ സ്വയം പര്യാപ്തത നേടിയെന്നും വാക്‌സിന്‍ മാറ്റ് രാജ്യങ്ങള്‍ക്ക് നല്‍കി സഹായിക്കാന്‍ കഴിയുന്നുണ്ടെന്നും മോദി പറഞ്ഞു. 30 ലക്ഷം പേര്‍ക്ക് 15 ദിവസത്തിനുള്ളില്‍ വാക്‌സിന്‍ വിതരണം ചെയ്യാന്‍ സാധിച്ചു. വികസിത രാജ്യങ്ങളായ യുഎസ്, യുകെ എന്നിവയ്ക്ക് ഇത് സാധിക്കുന്നതിന് 18, 36 ദിവസങ്ങള്‍ വേണ്ടിവന്നതായി മോദി ചൂണ്ടിക്കാട്ടി.

അതേസമയം, പ്രതിഷേധിക്കുന്ന കർഷകർ പ്രധാനമന്ത്രിയുടെ അന്തസ്സിനെ മാനിക്കുമെന്നും എന്നാൽ സ്വന്തം ആത്മാഭിമാനം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും കർഷക നേതാവ് നരേഷ് ടിക്കൈറ്റ് പറഞ്ഞു. “മാന്യമായ ഒരു പരിഹാരത്തിലെത്തണം. സമ്മർദത്തിന് കീഴിൽ ഞങ്ങൾ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല,” അദ്ദേഹം വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. “നമ്മുടെ ആളുകളെ വിട്ടയച്ച് ചർച്ചകൾക്ക് അനുയോജ്യമായ ഒരു അന്തരീക്ഷം സർക്കാർ തയ്യാറാക്കണം.”

റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിലേക്ക് മാർച്ച് ചെയ്ത കർഷകരിൽ തിരച്ചറിഞ്ഞ അഞ്ച് പേർക്ക് പഞ്ചാബിൽ ക്രിമിനൽ പശ്ചാത്തലമുള്ളതായി ഡൽഹി പൊലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയതെന്ന് ഡൽഹി പൊലീസ് ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു. ഇവരെ അറസ്റ്റ് ചെയ്യാൻ റെയ്ഡ് തുടരുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു.

മുപ്പതോ നാൽപ്പതോ ട്രാക്ടറുകളിലും 150 ഓളം മോട്ടോർ സൈക്കിളുകളിലും കാറുകളിലുമായി ആയിരത്തോളം പേരാണ് ചെങ്കോട്ട പരിസരത്ത് പ്രവേശിച്ചത്. അവിടെവെച്ച് പൊലീസുകാരെ പിന്തുടർന്ന് ആക്രമിക്കുകയും അവരുടെ ഉപകരണങ്ങൾ കൊള്ളയടിക്കുകയും ചിലരെ പൊതു ടോയ്ലറ്റിൽ ബന്ധികളാക്കുകയും ചെയ്തതായാണ് എസ്എച്ചഒ റിതുരാജ് ഫയൽ ചെയ്ത എഫ്ഐആറിൽ പറയുന്നത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Pm modis mann ki baat india saddened by insult to tricolour on republic day

Best of Express